കൊല്‍ക്കത്ത : ഡങ്കിപ്പനി മലേറിയ തുടങ്ങിയ മാരകരോഗങ്ങളുമായാണ് മമതാ ബാനര്‍ജിയുടെ സൗഹൃദമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. അവര്‍ അധികാരത്തിലുള്ളിടത്തോളം കാലം ഈ രോഗങ്ങള്‍ സംസ്ഥാനം വിട്ടു പോകില്ലെന്നും അമിത് ഷാ പറഞ്ഞു. ബിജെപി പദ്ധതികള്‍ക്കായി നിലകൊള്ളുമ്പോള്‍ തൃണമൂല്‍ സര്‍ക്കാര്‍ നടത്തുന്നത് അഴിമതിയാണെന്നും അമിത് ഷാ പറഞ്ഞു. ഝാര്‍ഗ്രാമില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. 

"ദീദി സ്ഥലം വിടാത്തിടത്തോളം കാലം മലേറിയയില്‍ നിന്ന് നിങ്ങള്‍ക്ക് രക്ഷയില്ല. ഡങ്കിയുടെയും മലേറിയയുടെയും കൂട്ടുകാരിയാണവര്‍. ഞങ്ങള്‍ വോട്ടു ചെയ്യുകയാണെങ്കില്‍ രണ്ട് വര്‍ഷത്തിനകം ഞങ്ങള്‍ ഈ രോഗങ്ങളെ തുരത്തി കാണിക്കാം, ഒരുവശത്ത് പ്രധാനമന്ത്രി മോദി ഗോത്രവിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമ്പോള്‍ ദീദി അവരുടെ മരുമകന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്", അമിത് ഷാ പരിഹിസിച്ചു.

"ഗോത്രവിഭാഗങ്ങളുടെയും കാടുകളുടെയും ചുവന്നമണ്ണിന്റെയും നാടാണ് ഝാര്‍ഗ്രാം. 'മാ മതി മനുഷ്'(അമ്മ, ഭൂമി, മനുഷ്യർ എന്നു പറയുന്ന തൃണമൂലിന്റെ പഴയ തിരഞ്ഞെടുപ്പ് മുദ്രാവാക്യം) ഉപയോഗിച്ച് ദീദീ സർക്കാർ രൂപവത്കരിച്ചു. പക്ഷെ ആ സര്‍ക്കാര്‍ നിങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല. ഇവിടെ കുവെള്ളമില്ല. ദീദിയെ വിട്ട് മോദിയുടെ താമരയ്ക്കായി വോട്ടു ചെയ്യൂ. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് കുടിവെള്ളം നല്‍കും.
നിഷ്‌കളങ്കരായ ഗോത്രവര്‍ഗ്ഗക്കാരെ 'ഖേല ഹോബ്'(കളി തുടങ്ങി എന്നർഥം വരുന്ന തൃണമൂലിന്റെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം)  ഉപയോഗിച്ച് ദീദി വിരട്ടുകയാണ്. പക്ഷെ ഇവിടുത്തെ ചെറിയ കുഞ്ഞുവരെ ഫുട്‌ബോള്‍ കളിക്കുമെന്ന് അവര്‍ക്കറിഞ്ഞു കൂടെ. ആരും നിങ്ങളുടെ 'ഖേലാ ഹോബ്' കണ്ട് ഭയചകിതരല്ല. ദീദിയുടെ ഗുണ്ടകള്‍ക്ക് നിങ്ങളെ ഒരു ചുക്കും ചെയ്യാനാവില്ലെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു", അമിത് ഷാ പ്രസംഗത്തിനിടെ പറഞ്ഞു

പുരുലിയയില്‍ നിങ്ങള്‍ക്ക് കുടിവെള്ളം കിട്ടുന്നുണ്ടോ. മമതാ ദീദി നിങ്ങള്‍ക്ക് ഫ്‌ലോറിഡേറ്റഡ് വെള്ളമാണ് നല്‍കുന്നത്.ദീദിയെ നിങ്ങള്‍ ഇവടുന്ന് പുറത്താക്കുകയാണെങ്കില്‍ ബിജെപി സര്‍ക്കാര്‍ 10,000 കോടി രൂപ നിങ്ങള്‍ക്ക് ശുദ്ധജലമെത്തിക്കാനായി ചെലവഴിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. 

"നിങ്ങളുടെ ക്ഷേമപ്രവര്‍ത്തനത്തിനുള്ള അവസരമായാണ് മോദിജി തിരഞ്ഞെടുപ്പിനെ കാണുന്നത്. എന്നാല്‍ തന്റെ മരുമകനെ മുഖ്യമന്ത്രിയാക്കുന്നതിനുള്ള അവസരമായാണ് ദീദി തിരഞ്ഞെടുപ്പിനെ കാണുന്നത്. നിങ്ങള്‍ക്ക് അവരുടെ മരുമകനെ മുഖ്യമന്ത്രിയായി കാണണമോ അതോ ബംഗാളില്‍ വികസനം വേണമോ", എന്നും അമിത് ഷാ റാലിയെ അഭിസംബോധന ചെയ്ത് ചോദിച്ചു.

content highlights: Mamata Banerjee friends with dengue, malaria,Amit Shah asks to vote for BJP to eradicate diseases