കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്ക്കെതിരെ പരാതിയുമായി ബിജെപി. പശ്ചിമ ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മമതാ ബാനർജി നല്‍കിയ നാമനിർദ്ദേശ പത്രികയില്‍ ക്രിമിനൽ കേസുകളുടെ വിവരങ്ങൾ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി പരാതി നൽകിയിരിക്കുന്നത്. ഭവാനിപുർ റിട്ടേണിങ് ഓഫീസർക്കാണ് ബിജെപി പരാതി നൽകിയിരിക്കുന്നത്.

അഞ്ച് ക്രിമിനൽ കേസുകളുടെ വിവരങ്ങൾ പത്രികയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നാണ് ആരോപണം. കേസുമായി ബന്ധപ്പെട്ട് ബിജെപി സുപ്രീം കോടതിയുടെ രണ്ട് വിധികളും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എൻആർസി വിഷയത്തിൽ നടത്തിയ പരാമർശങ്ങളിൽ അസം പോലീസ് രജിസ്റ്റർ ചെയ്ത കേസും പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസുകളും നാമനിർദ്ദേശ പത്രികയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നാണ് ബിജെപിയുടെ ആരോപണം.

എന്നാൽ തൃണമൂൽ കോൺഗ്രസ് നേതൃത്വം ഇത് നിഷേധിച്ച് രംഗത്തെത്തി. പശ്ചിമ ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ഭവാനിപുർ മണ്ഡലത്തിൽ നിന്നാണ് മമതാ ബാനർജി ജനവിധി തേടുന്നത്. മമതയ്ക്കതിരേ പ്രിയങ്കാ ടിബരെവാളാണ് ബിജെപിയുടെ സ്ഥാനാർത്ഥി.

സെപ്തംബർ 30-ന് ആണ് പശ്ചിമ ബംഗാളിലെ ഉപതിരഞ്ഞെടുപ്പ്. ഒക്ടോബർ മൂന്നിനാണ് വോട്ടെണ്ണൽ. നിലവിൽ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്ന മമതയ്ക്ക് ഈ ഉപതിരഞ്ഞെടുപ്പ് നിർണ്ണായകമാണ്. നേരത്തെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ നിന്ന് സുവേന്ദു അധികാരിയോട് മത്സരിച്ച മമതയ്ക്ക് ജയിക്കാൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കിൽ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചേ മതിയാകൂ.

Content Highlights: Mamata Banerjee Didn't Disclose 5 Police Cases - BJP's Poll Complaint