കൊല്‍ക്കത്ത: ദേശീയ പൗരത്വ നിയമ ഭേദഗതിയെ രാജ്യത്തെ ജനങ്ങള്‍ അനുകൂലിക്കുന്നുവോ എന്ന് കണ്ടെത്താന്‍ ഐക്യരാഷ്ട്രസഭ (യു.എന്‍) പോലെയുള്ള നിഷ്പക്ഷ സംഘടനകളുടെ മേല്‍നോട്ടത്തില്‍ ഹിതപരിശോധന നടത്തണമെന്ന ആവശ്യവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

കൊല്‍ക്കത്തയില്‍ റാലിയെ അഭിസംബോധന ചെയ്യവെയാണ് അവര്‍ ഈ ആവശ്യമുന്നയിച്ചത്. പൗരത്വ നിയമ ഭേദഗതി, നിര്‍ദിഷ്ട ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവ സംബന്ധിച്ച ഹിതപരിശോധന നടത്താന്‍ അവര്‍ കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ചുവെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

'ഹിതപരിശോധന അനുകൂലമല്ലെങ്കില്‍ ബിജെപി സര്‍ക്കാര്‍ രാജിവെക്കാന്‍ തയ്യാറാകണം. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തെ ഹിന്ദുക്കളും മുസ്‌ലിങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലായി ചിത്രീകരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഭൂരിപക്ഷം ഉള്ളതുകൊണ്ട് എന്തും ചെയ്യാമെന്ന് കരുതരുത്. ബിജെപിക്ക് ധൈര്യമുണ്ടെങ്കില്‍ പൗരത്വ രജിസ്റ്ററിലും പൗരത്വ നിയമ ഭേദഗതിയിലും ഹിതപരിശോധന നടത്താന്‍ തയ്യാറാകണം. നിഷ്പക്ഷ സംഘടനകളായ ഐക്യരാഷ്ട്ര സഭയോ അനുഷ്യാവകാശ കമ്മീഷനോ അത് നടത്തട്ടെ' - മമത പറഞ്ഞു. ജനപിന്തുണ ഇല്ലെന്ന് വ്യക്തമായാല്‍ ബിജെപി സര്‍ക്കാര്‍ താഴെയിറങ്ങാന്‍ തയ്യാറാകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Mamata Banerjee calls for referendum on Citizenship Amendment Act to be conducted by UN