കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സിംഗൂരില്‍ കാര്‍ഷിക-വ്യവസായ പാര്‍ക്ക് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. മുന്‍ ഇടത് സര്‍ക്കാര്‍ ടാറ്റയുടെ കാര്‍ ഫാക്ടറി ആരംഭിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് വിവാദങ്ങളില്‍ ഇടംപിടിച്ച സ്ഥലമാണ് സിംഗൂര്‍. മമത ബാനര്‍ജി തന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കംകുറിക്കാറുള്ളതും സിംഗൂരിലാണ്.

ഹൂഗ്ലി ജില്ലയിലെ സിംഗൂരില്‍ കാര്‍ഷിക-വ്യവസായ പാര്‍ക്ക് ആരംഭിക്കുമെന്ന് വ്യാഴാഴ്ചയാണ് മമതാ ബാനര്‍ജി പ്രഖ്യാപിച്ചത്. സിംഗൂരില്‍ കാര്‍ഷിക വ്യവസായത്തിന് വലിയ സാധ്യതണുള്ളത്. അതുകൊണ്ടുതന്നെ സിംഗൂരില്‍ ഒരു കാര്‍ഷിക-വ്യവസായ പാര്‍ക്ക് ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്, മമത ബാനര്‍ജി പറഞ്ഞു. ബലപ്രയോഗത്തിലൂടെ ഭൂമി പിടിച്ചെടുക്കുന്നതിന് തങ്ങള്‍ എതിരാണെന്നും മമത പറഞ്ഞു.

പിശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ വ്യവസായ പാര്‍ക്ക് പദ്ധതിയുടെ കാലാവധി മമത ബാനര്‍ജി സര്‍ക്കാര്‍ ഇക്കഴിഞ്ഞ സെപ്തംബറില്‍ ദീര്‍ഘിപ്പിച്ചിരുന്നു. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഈ പദ്ധതി 2025 വരെയാണ് നീട്ടിയത്. സംസ്ഥാനത്ത് നൂറ് വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കാനും മന്ത്രിസഭ തീരുമാനിച്ചിരുന്നു.

സിപിഎമ്മിന്റെ ഭരണകാലത്ത് കര്‍ഷകരുടെ ഭൂമി പിടിച്ചെടുത്ത് ടാറ്റ കമ്പനിക്ക് ഫാക്ടറി ആരംഭിക്കാന്‍ വിട്ടുനല്‍കിയിരുന്നു. ഇതിനെതുടര്‍ന്ന് ടാറ്റയ്ക്ക് എതിരെയും സര്‍ക്കാരിനെതിരെയും മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ശക്തമായ ജനകീയ പ്രക്ഷോഭം സിംഗൂരില്‍ ഉയര്‍ന്നുവന്നു. 34 വര്‍ഷം നീണ്ട ഇടതു ഭരണം കടപുഴകുന്നതിലേക്കും മമത അധികാരത്തിലേറുന്നതിലേക്കും വഴിവെച്ച സംഭവമായി ഇത് മാറിയിരുന്നു.

Content Highlights: Mamata Banerjee announces industrial park at Singur in Bengal