ന്യൂഡല്‍ഹി: ബി.ജി.പിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് അണിനിരക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിന് പിന്നാലെയാണിത്. മാധ്യമങ്ങള്‍, നീതിന്യായ വ്യവസ്ഥ, തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവ ജനാധിപത്യത്തിന്റെ നെടുംതൂണുകളാണ്. ഇവ മൂന്നിനെയും കീഴടക്കാന്‍ പെഗാസസിന് സാധിച്ചുവെന്നും മമത ആരോപിച്ചു.

ജനാധിപത്യത്തിന് തന്നെ ഭീഷണിയാണ് ഇത്തരം സംഭവങ്ങള്‍. ഇസ്രയേല്‍ ചാര സോഫ്റ്റ്‌വെയറായ പൊഗാസസ് അപടകരമാണ്. തന്റെയും ഫോണ്‍ ചോര്‍ന്നുണ്ട് എന്നതിനാല്‍ പ്രതിപക്ഷ നേതാക്കളോട് സംസാരിക്കാന്‍ പോലും കഴിയുന്നില്ല. ശരദ് പവാര്‍, ഡല്‍ഹി മുഖ്യമന്തി, ഗോവ മുഖ്യമന്ത്രി എന്നിവരോട് പോലും സംസാരിക്കാന്‍ കഴിയുന്നില്ല. പല ചാര സോഫ്റ്റ്‌വെയറുകള്‍ ക്യാമറ ഉപയോഗിക്കും എന്നതിനാല്‍ താന്‍ ക്യാമറ പലപ്പോഴും മറച്ചുപിടിക്കുകയാണ് ചെയ്യുന്നത്. രാജ്യത്തെ രക്ഷിക്കാന്‍ സുപ്രീം കോടതിക്ക് മാത്രമേ കഴിയൂ. ജുഡീഷ്യറി രക്ഷയ്ക്കായി അവതരിക്കണം.

ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ സമഗ്രമായ അന്വേഷണം വേണം. ഇന്ധന നികുതിയിനത്തില്‍ മാത്രം കേന്ദ്രം 3.7 ലക്ഷം കോടി ഈടാക്കുന്നു. എവിടേക്കാണ് ഈ പണമെല്ലാം പേകുന്നത്. രാജ്യം കോവിഡ് മൂന്നാം തരംഗത്തിലേക്ക് പോകുമ്പോഴും കടുത്ത വാക്‌സിന്‍ ക്ഷാമമാണ് അനുഭവപ്പെടുന്നത്. അതിനിടെയും പ്രതിപക്ഷത്തിനെതിരെ മോദിയും അമിത് ഷായും കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു.

ലോകം മുഴുവന്‍ ഉറ്റുനോക്കിയ ഒന്നായിരുന്നു ബംഗാള്‍ തിരഞ്ഞെടുപ്പ്. ബംഗാളിലെ ജനങ്ങളില്‍ ഒരാള്‍ പോലും ബിജെപിയെ പിന്‍തുണയ്ക്കുന്നില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലം.  മന്ത്രിമാരുടെയും ജഡ്ജിമാരുടെയും ഫോണ്‍ ചോര്‍ത്തുന്നു. നിങ്ങള്‍ക്ക് വേണ്ടത് സ്ഥിരം നിരീക്ഷണത്തിലായ ഒരു രാജ്യമാണെന്നും മമത കുറ്റപ്പെടുത്തി.

മമതയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയുടെയും ഫോണ്‍ ചോര്‍ത്താനുള്ള ശ്രമങ്ങള്‍ നടന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പെഗാസസ് വിഷയത്തിലുള്ള മമതയുടെ  പ്രതികരണം. ലോകത്ത് ആകമാനമുള്ള 17 മാധ്യമ സ്ഥാപനങ്ങളാണ് പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം പുറംലോകത്ത് എത്തിച്ചത്. 

Content Highlights: mamata banerjee aganist central government in pegasus issue