കൊല്‍ക്കത്ത: മരുമകനും പാര്‍ലമെന്റംഗവുമായ അഭിഷേക് ബാനര്‍ജിയെ മുഖ്യമന്ത്രി പദത്തിലെത്തിക്കാനുള്ള രാഷ്ട്രീയനീക്കത്തിലാണ് മമതാ ബാനര്‍ജിയെന്ന് കേന്ദ്രമന്ത്രി അമിത്ഷാ. കൂച്ച് ബെഹാറില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് മമതാ ബാനര്‍ജിയെ അമിത് ഷാ കടന്നാക്രമിച്ചത്. എന്നാല്‍, പിന്നീട് മറ്റൊരു പൊതുയോഗത്തില്‍ ഷായുടെ മകനെ പരാമര്‍ശിച്ച് മമത ബാനര്‍ജി തിരിച്ചടിച്ചു. ഇരുവരുടേയും പരസ്പരമുള്ള കൊമ്പുകോര്‍ക്കല്‍ B vs B (bhatija Vs beta) എന്ന നിലയിലാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. 

"ദരിദ്രരുടെ ഉന്നമനം അഥവാ ഗരീബ് കല്യാണ്‍ ആണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ മമത സര്‍ക്കാരിന്റെ ലക്ഷ്യം ഭതീജാ കല്യാണ്‍(മരുമകന്റെ ഉന്നമനം)ആണ്. ദിലിപ് ഘോഷ് മത്സരരംഗത്തുണ്ടായിരുന്നില്ലെങ്കില്‍ മരുമകനെ മുഖ്യമന്ത്രിയായി മമത ഇതിനോടകം പ്രഖ്യാപിക്കുമായിരുന്നു". വ്യാഴാഴ്ച നടന്ന ആദ്യ പ്രചാരണയോഗത്തില്‍ അമിത് ഷാ മമതയ്‌ക്കെതിരെ ആരോപണമുന്നയിച്ചു. 

മണിക്കൂറുകള്‍ക്ക് ശേഷം കൊല്‍ക്കത്തയില്‍ നടന്ന യോഗത്തില്‍ അമിത് ഷായ്ക്ക് തക്ക മറുപടിയുമായി മമത രംഗത്തെത്തി. "ആദ്യം നിങ്ങളുടെ മകന്റെ കാര്യം പറയൂ, അവന് ഇത്രത്തോളം പണം എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് വെളിപ്പെടുത്തൂ. ബംഗാളിനെ കുറിച്ച് നിങ്ങളെപ്പോഴും മോശമായി സംസാരിക്കുന്നു. ദീദി വളരെ നല്ലവളാണ്, പക്ഷെ എന്നോടേറ്റു മുട്ടിയാല്‍ നിങ്ങള്‍ നുറുങ്ങിപ്പോകും". മമത തിരിച്ചടിച്ചു. 

താക്കുര്‍നഗറില്‍ നടന്ന രണ്ടാമത്തെ യോഗത്തിലും അമിത് ഷാ മമതക്കെതിരെ ആക്രമണം തുടര്‍ന്നു. ചില സാഹചര്യങ്ങളാല്‍ ബംഗാളിലെ തന്റെ ആദ്യപരിപാടി റദ്ദാക്കിയപ്പോള്‍ ദീദി അതിയായി ആഹ്ലാദിച്ചതായും ഏപ്രിലില്‍ തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ താന്‍ ഇടയ്ക്കിടെ ബംഗാളില്‍ വന്നു പോകുമെന്നും തൃണമുലിനെ പരാജയപ്പെടുത്തുമെന്നും ഷാ പറഞ്ഞു. 

ഞങ്ങള്‍ ഷായെ സ്വാഗതം ചെയ്യുന്നു, ഇവിടെ വന്ന് പ്രചാരണം നടത്തിക്കോളൂ, പക്ഷെ ഭീഷണിപ്പെടുത്തരുത്, എനിക്ക് നിങ്ങളെ ഭയമില്ല, മമത മറുപടി നല്‍കി. കൂടാതെ പ്രധാനമന്ത്രിയുടെ വാക്കുകള്‍ കടമെടുത്ത് കളിയ്ക്ക് താനൊരുക്കമാണെന്നും മമത പ്രസ്താവിച്ചു. താന്‍ ഗോള്‍ കീപ്പറായി തുടരുമെന്നും തന്നെ കടന്ന എത്ര ഗോളുകള്‍ നേടാനാവുമെന്ന് കാണിച്ചു തരൂവെന്നും മമത മറുപടി നര്‍കി. 

 

Content Highlights: Mamata Banerjee After Amit Shah Barb On Her Nephew