കൊല്‍ക്കത്ത: ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന അക്രമസംഭവങ്ങളേക്കുറിച്ചുള്ള റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനെതിരെ മമത ബാനര്‍ജി. സംസ്ഥാനത്ത് നടന്ന അക്രമസംഭവങ്ങളെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുന്നതിന് പകരം ചോര്‍ത്തുകയാണ് കമ്മിഷന്‍ ചെയ്തതെന്ന് മമത ആരോപിച്ചു.

ഇത് ഒരേസമയം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയും ബംഗാള്‍ ജനതയെ അപമാനിക്കലുമാണെന്ന് അവര്‍ പറഞ്ഞു. രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് റിപ്പോര്‍ട്ട് ചോര്‍ത്തിയിരിക്കുന്നതെന്നും അവര്‍ ആരോപിച്ചു. 

ബംഗാളില്‍ നടന്ന അക്രമ സംഭവങ്ങളുടെ വ്യാപ്തി കാണിക്കുന്നത് ഇരകളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിസ്സംഗതയാണെന്ന് കല്‍ക്കട്ട ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ചിന് മുന്നില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകരുടെ ജീവനും സ്വത്തും നഷ്ടപ്പെട്ടുവെന്നന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ ശുപാർശയുണ്ട്.

സംസ്ഥാനത്തിന് ആവശ്യത്തിന് കോവിഡ് വാക്‌സിന്‍ ലഭിക്കുന്നില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ മമത കുറ്റപ്പെടുത്തി. 14 കോടി ഡോസ് വാക്‌സിന്‍ ആവശ്യമുള്ള സംസ്ഥാനത്തിന് ഇതുവരെ 2.12 കോടി ഡോസ് വാക്‌സിന്‍ മാത്രമാണ് ലഭിച്ചതെന്നും അവര്‍ പറഞ്ഞു. പ്രധാനമന്ത്രി കാര്യങ്ങളെ രാഷ്ട്രീയവത്കരിക്കുകയാണെന്നും കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും മമത കുറ്റപ്പെടുത്തി.

Content Highlights: Mamata Banarjee accusses NHRC on leaking report on post poll violence in Bengal