കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിക്കുന്ന ജൂനിയര്‍ ഡോക്ടര്‍മാരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച ഒടുവില്‍ വിജയത്തിലേക്കടുക്കുകയാണ്.

To advertise here,

കൊല്‍ക്കത്ത പോലീസ് കമ്മിഷണര്‍ വിനീത് ഗോയലിനെയും ആരോഗ്യവകുപ്പ് ഡയറക്ടറയെും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറെയും സ്ഥാനങ്ങളില്‍നിന്ന് നീക്കിയെന്ന് പ്രഖ്യാപിച്ച മമത ജൂനിയര്‍ ഡോക്ടര്‍മാര്‍ മുന്നോട്ട് വെച്ച ആവശ്യങ്ങളില്‍ ഭൂരിഭാഗവും അംഗീകരിച്ചു.

മുഖ്യമന്ത്രി ചര്‍ച്ചയിലെ തീരുമാനങ്ങള്‍ നടപ്പാക്കുംവരെ സമരവുമായി മുന്നോട്ടുപോകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

പുതിയ കമ്മിഷണര്‍ ആരെന്ന് ചൊവ്വാഴ്ച വൈകീട്ട് നാലിന് പ്രഖ്യാപിക്കുമെന്നും മമത വ്യക്തമാക്കുകയുണ്ടായി.

അതേ സമയം ഡോക്ടര്‍മാര്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ 99 ശതമാനവും അംഗീകരിച്ചതിനാല്‍ അവരോട് ജോലിയിലേക്കുമടങ്ങാന്‍ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. സമരംചെയ്ത ഡോക്ടര്‍മാര്‍ക്കെതിരേ ഒരു ശിക്ഷാനടപടിയും സ്വീകരിക്കില്ലെന്നും മമത വ്യക്തമാക്കി.

ചര്‍ച്ചയ്ക്കുശേഷം രാത്രി വൈകിയാണ് മമത മാധ്യമപ്രവര്‍ത്തകരെ കണ്ടത്. മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന പരിഗണിച്ചാണ് ഡോക്ടര്‍മാരുടെ പ്രതിനിധികള്‍ ചര്‍ച്ചയ്‌ക്കെത്തിയത്. ശനിയാഴ്ച ഡോക്ടര്‍മാര്‍ മമതയുടെ വീട്ടിലെത്തിയെങ്കിലും തത്സമയം സംപ്രേഷണമെന്ന ഡോക്ടര്‍മാരുടെ ആവശ്യം അംഗീകരിക്കാത്തതിനെത്തുടര്‍ന്ന് ചര്‍ച്ചനടന്നില്ല. തുടര്‍ന്നാണ് അവസാനശ്രമമെന്നനിലയില്‍ മുഖ്യമന്ത്രി വീണ്ടും ഡോക്ടര്‍മാരെ വിളിച്ചത്.

ചര്‍ച്ച റെക്കോഡുചെയ്യാനും മിനിറ്റ്സ് രേഖപ്പെടുത്താനും സര്‍ക്കാര്‍ അനുമതിനല്‍കി. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തുമെന്നും ഇരുവിഭാഗവും ഒപ്പിട്ട മിനിറ്റ്സിന്റെ കോപ്പികള്‍ ഇരുപക്ഷത്തിനും നല്‍കുമെന്നും ചീഫ് സെക്രട്ടറി മനോജ് പന്ത് പറഞ്ഞു. കൊല്‍ക്കത്ത സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ രജിസ്റ്റര്‍ചെയ്ത കേസ് ചൊവ്വാഴ്ച പരിഗണിക്കുന്നതാണ് ചര്‍ച്ചയ്ക്ക് സാഹചര്യമൊരുക്കിയത്.


വിനീത് ഗോയലിനെ പുറത്താക്കാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടതിന് പിന്നില്‍

മനസ്സില്ലാ മനസ്സോടെയാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കൊല്‍ക്കത്ത പോലീസ് കമ്മിഷണര്‍ സ്ഥാനത്ത് നിന്ന് വിനീത് ഗോയലിനെ പുറത്താക്കിയത്. പിന്മാറില്ലെന്ന നിലപാടില്‍ ഡോക്ടര്‍മാര്‍ ഉറച്ച് നിന്നതോടെ ഒടുവില്‍ തന്റെ വിശ്വസ്തനായി അറിയപ്പെടുന്ന ഉദ്യോഗസ്ഥനെ മമതയ്ക്ക് പുറത്താക്കേണ്ടി വന്നു. ആര്‍.ജി.കര്‍ മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരുടെ പ്രധാന ആവശ്യമായിരുന്നു ഇത്. 

സമരത്തിനിടെ ഓഗസ്റ്റ് 14-ന് ആര്‍.ജി.കര്‍ മെഡിക്കല്‍ കോളേജിന് നേരെ നടന്ന അക്രമത്തിന് വിനീത് ഗോയല്‍ നിശിത വിമര്‍ശനം നേരിട്ടിരുന്നു. സാഹചര്യം തെറ്റായി കൈകാര്യം ചെയ്തതായും നടപടിക്രമങ്ങളിലെ വീഴ്ചകള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടതായും ജൂനിയര്‍ ഡോക്ടര്‍മാര്‍ ആരോപിച്ചു, വ്യാപകമായ പ്രതിഷേധത്തിന് അദ്ദേഹത്തിന്റെ നടപടികള്‍ ഇടയാക്കി.

പ്രതിഷേധങ്ങള്‍ക്കിടെ വിനീത് ഗോയല്‍ രാജിവെക്കാന്‍ തയ്യാറായിരുന്നതായി മമത തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ മമത അതിന് അനുവദിച്ചില്ല. കേസ് കൈകാര്യം ചെയ്യുന്നതില്‍ പോലീസിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നതടക്കമുള്ള വിനീത് ഗോയലിന്റെ പ്രസ്താവനകളും വ്യാപക വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നു.