മല്ലികാർജുൻ ഖാർഗെ |ഫോട്ടോ:PTI
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായി നിലനിര്‍ത്താന്‍ നീക്കം. ഒരാള്‍ക്ക് ഒരു പദവിയെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടുകളിലെ മലക്കം മറിച്ചിലാണിത്. കോണ്‍ഗ്രസ് അധ്യക്ഷ പദത്തിലേക്ക് മത്സരിക്കുന്നതിന് മുന്നോടിയായി രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം ഖാര്‍ഗെ രാജിവെച്ചിരുന്നെങ്കിലും പാര്‍ട്ടി ഇതുവരെ പകരക്കാരനെ നിശ്ചയിച്ചിട്ടില്ല. കോണ്‍ഗ്രസിന്റെ പുനരുജ്ജീവനത്തിനുള്ള പ്രധാന നീക്കങ്ങളില്പ്പെട്ടതായിരുന്നു ഒരാള്‍ക്ക് ഒരു പദവി എന്നത്. ഖാര്‍ഗെയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് തീരുമാനിക്കുന്നതെങ്കില്‍ 'ഒരു വ്യക്തി, ഒരു പദവി' എന്ന നയത്തില്‍ നിന്നുള്ള പൂര്‍ണ്ണ പിന്മാറ്റമായിരിക്കും.
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ 'സ്ട്രാറ്റജി ഗ്രൂപ്പ്' യോഗം ശനിയാഴ്ച സോണിയ ഗാന്ധി വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഈ യോഗത്തിലേക്ക് രാജ്യസഭയില്‍ നിന്നുള്ള കെ.സി.വേണുഗോപാല്‍, ജയ്റാം രമേശ് എന്നിവരെ മാത്രമാണ് ക്ഷണിച്ചിട്ടുള്ളതെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഖാര്‍ഗെയ്ക്ക് പകരം പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് മുന്‍പന്തിയിലുള്ള പി.ചിദംബരം, ദിഗ്വിജയ് സിങ് എന്നിവര്‍ക്ക് യോഗത്തിലേക്ക് ക്ഷണവുമില്ല. പദവി രാജിവെച്ചിട്ടുണ്ടെങ്കിലും പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിലും ഖാര്‍ഗെ പ്രതിപക്ഷ നേതാവായി തുടരുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.
അതേ സമയം തന്നെ ശീതകാല സമ്മേളനത്തിന് ശേഷം പാര്‍ലമെന്ററി പാര്‍ട്ടിയില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നുണ്ട്. ഖാര്‍ഗെയെ കൂടാതെ മറ്റു ചില ഉന്നത നേതാക്കളും രണ്ട് പദവികളില്‍ ഇപ്പോഴും തുടരുന്നുണ്ട്.
ലോക്സഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പശ്ചിമ ബംഗാളില്‍ പാര്‍ട്ടിയുടെ അധ്യക്ഷന്‍ കൂടിയാണ്. രാജ്യസഭിയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പായിട്ടുള്ള ജയ്റാം രമേശ് പാര്‍ട്ടിയുടെ മുഖ്യ വാക്താവ് പദവിയും വഹിക്കുന്നുണ്ട്.
ഫെബ്രുവരിയില്‍ നടന്ന ഉദയ്പൂര്‍ ചിന്തന്‍ ശിബിരത്തില്‍ എടുത്ത നയത്തില്‍ കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുമെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിക്കുന്നതിനിടെയാണ് മുതിര്‍ന്ന നേതാക്കള്‍ വിവിധ പദവികളില്‍ തുടരുന്നത്.
അപ്രതീക്ഷിതമായി ചില നീക്കങ്ങള്‍ നടന്നതാണ് ഖാര്‍ഗെയുടെ കാര്യത്തില്‍ തീരുമാനം വൈകുന്നതെന്നാണ് വിവരം. അശോക് ഗഹ്ലോത് പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന ധാരണയിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വം. എന്നാല്‍ അവസാനഘട്ടത്തില്‍ നടന്ന ചില അപ്രതീക്ഷിത നീക്കങ്ങളാണ് ഖാര്‍ഗെയിലേക്ക് കാര്യങ്ങളെത്തിച്ചത്.
Content Highlights: Mallikarjun Kharge To Stay On As Leader Of Opposition-Big Congress U-Turn
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..