മല്ലികാർജുൻ ഖാർഗെ, അരവിന്ദ് കേജ്രിവാൾ | ഫോട്ടോ: പി.ടി.ഐ
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ സി.ബി.ഐ ചോദ്യംചെയ്യാനിരിക്കെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി ഫോണില്‍ സംസാരിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യാനായി ഞായറാഴ്ചയാണ് കെജ്‌രിവാളിനോട് ഹാജരാകാന്‍ സി.ബി.ഐ. നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഖാര്‍ഗെയും കെജ്‌രിവാളുമായി നടത്തിയ സംഭാഷണത്തിന്‍റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. എന്നാല്‍, ബി.ജെ.പിയ്‌ക്കെതിരായ പ്രതിപക്ഷ ഐക്യനീക്കത്തിന്റെ ഭാഗമാണ് ഈ നീക്കമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം കെജ്‌രിവാളിനെ സന്ദര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഖാര്‍ഗെ കെജ്‌രിവാളിനെ ഫോണില്‍ ബന്ധപ്പെട്ടിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ഡല്‍ഹി മദ്യനയക്കേസില്‍ ഞായറാഴ്ച രാവിലെ പതിനൊന്നു മണിയ്ക്കാണ് സി.ബി.ഐ ആസ്ഥാനത്ത് ഹാജരാകാന്‍ കെജ്‌രിവാളിനു നിര്‍ദ്ദേശമുള്ളത്. ഇതിന്‍റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച പ്രത്യേക നിയമസഭാ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. സാഹചര്യം തൃപ്തികരമല്ലെന്നും നിയമസഭയില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണിതെന്നും ആം ആദ്മി നേതാവും മന്ത്രിയുമായ സൗരഭ് ഭരദ്വാജും വ്യക്തമാക്കി. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് നിയമസഭയില്‍ തങ്ങള്‍ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വ്യാജ ആരോപണങ്ങളുന്നയിച്ച് കേന്ദ്രം സി.ബി.ഐ, ഇ.ഡി മുതലായ ദേശീയ ഏജന്‍സികളെ തങ്ങള്‍ക്കെതിരെ ആയുധമാക്കുകയാണെന്ന് കെജ്‌രിവാൾ ഇന്ന് ആരോപിച്ചിരുന്നു. കോടതിയിൽ വ്യാജ തെളിവുകള്‍ ഹാജരാക്കുന്നതിന് ഇ.ഡിയ്ക്കും സി.ബി.ഐയ്ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
തനിയ്‌ക്കെതിരെ ഹാജരാക്കിയ തെളിവുകള്‍ വ്യാജമാണെന്നും ദേശീയ ഏജന്‍സികള്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കെജ്‌രിവാള്‍ ആരോപിച്ചു. താനും സിസോദിയയും കുറ്റക്കാരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഏജന്‍സികള്‍ ആളുകളെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിക്കുകയാണെന്നും കേജ്‌രിവാള്‍ ആരോപിച്ചു.
ഞായറാഴ്ച കെജ്‌രിവാൾ ചോദ്യംചെയ്യലിന് ഹാജരാകുന്ന സാഹചര്യത്തിൽ ഡല്‍ഹി പോലീസ് സേനാംഗങ്ങളും അര്‍ദ്ധസൈനിക വിഭാഗങ്ങളും ഉള്‍പ്പെടെ ആയിരത്തോളം സുരക്ഷാഭടന്മാരെയാണ് സി.ബി.ഐ. ആസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. ഡല്‍ഹി റോസ് അവന്യുവിലുള്ള ആം ആദ്മി ആസ്ഥാനത്തും സുരക്ഷ ശക്തമാക്കുമെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഘര്‍ഷസാധ്യത മുന്നില്‍ക്കണ്ട് പ്രദേശത്ത് ഗതാഗതനിയന്ത്രണവുമുണ്ടാകും.
Content Highlights: mallikarjun kharge called arvind kejriwal hints opposition unity
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..