മർദനമേറ്റ് മരിച്ച ദീപു(ഇടത്ത്) ദീപുവിനെ മർദിക്കുന്ന ദൃശ്യം(വലത്ത്) | Screengrab: Mathrubhumi News
ചെന്നൈ: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ മലയാളി യുവാവിനെ ജനക്കൂട്ടം അടിച്ചുകൊന്നു. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി ദീപു (25) വാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അരവിന്ദ് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുച്ചിറപ്പള്ളിക്ക് സമീപം അല്ലൂരിലാണ് സംഭവം. മോഷ്ടാവെന്നാരോപിച്ചാണ് ദീപുവിനേയും അരവിന്ദിനേയും ജനക്കൂട്ടം മര്‍ദ്ദിച്ചത്.
ഇന്നലെയാണ് സംഭവത്തിന്റെ തുടക്കം. മോഷ്ടാക്കളെന്ന് ആരോപിച്ച് ഒരു സംഘം ഗ്രാമവാസികള്‍ ഇരുവരേയും ആക്രമിക്കുകയായിരുന്നു. വീട് കുത്തിത്തുറന്ന് മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് ജനക്കൂട്ടം ഇരുവരേയും തടഞ്ഞുവെയ്ക്കുകയും പിന്നീട് ആക്രമിക്കുകയും ചെയ്തത്. ആക്രമണത്തില്‍ പരിക്കേറ്റ ഇരുവരേയും പോലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
മഹാത്മാ ഗാന്ധി മെമ്മോറിയല്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദീപു മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രിയില്‍ ചികിത്സയിലുള്ള അരവിന്ദിന്റെ ആരോഗ്യ നിലയില്‍ ഇപ്പോള്‍ പ്രശ്‌നങ്ങളില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഇവര്‍ മോഷണശ്രമം നടത്തിയോ എന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എന്തിനാണ് ഇവര്‍ തിരുച്ചിറപ്പള്ളിയില്‍ എത്തിയത് എന്ന കാര്യത്തിലും പോലീസ് വിശദീകരണം നല്‍കിയിട്ടില്ല. ആള്‍ക്കൂട്ട അക്രമണം എന്നാണ് പ്രാഥമികമായി പോലീസ് കരുതുന്നത്.
Content Highlights: Malayali youth beaten to death by mob for alleged theft in Tamil Nadu
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..