ബെംഗളൂരു:  ഡി ആര്‍ ഡി ഒയുടെ എയ്റോനോട്ടിക്കല്‍ സിസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തേക്ക് മുതിര്‍ന്ന മലയാളി ശാസ്ത്രജ്ഞ ടെസി തോമസിനെ നിയമിച്ചു. നിലവിലെ ഡയറക്ടര്‍ ജനറലായ സി പി രാമനാരായണന്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. മേയ് 31 നാണ് രാമനാരായണന്‍ വിരമിക്കുന്നത്. ജൂണ്‍ ഒന്നിന് ടെസി സ്ഥാനമേല്‍ക്കും.

നിലവില്‍ ഹൈദരാബാദിലെ അഡ്‌വാന്‍സ്ഡ് ലാബോറട്ടറീസ്(എ എസ് എല്‍) ഡയറക്ടറാണ് ടെസി. അഗ്നി അഞ്ച് മിസൈല്‍ വികസന പദ്ധതിയുടെ ഡയറക്ടറും ടെസി ആയിരുന്നു. ഇതോടെ ഏതെങ്കിലും മിസൈല്‍ വികസന പദ്ധതിയുടെ തലപ്പത്ത് എത്തുന്ന ആദ്യ വനിതയെന്ന പ്രത്യേകതയും ടെസിക്ക് ലഭിച്ചിരുന്നു.

ഡി ആര്‍ ഡി ഒയുടെ സാങ്കേതിക വിഭാഗത്തിൽ ഡയറക്ടര്‍ ജനറല്‍ പദവിയിലെത്തുന്ന മൂന്നാമത്തെ വനിത കൂടിയാണ് ടെസി. ജെ. മഞ്ജുളയാണ് ആദ്യത്തെയാള്‍. ഇലക്ട്രോണിക് ആന്‍ഡ് കമ്യൂണിക്കേഷന്‍ ക്ലസ്റ്റര്‍ മേധാവിയാണ് മഞ്ജുള. ലൈഫ് സയന്‍സ് ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തെത്തിയ ഡി ശശി ബാലാ സിങ്ങാണ് രണ്ടാമത്തെയാള്‍.

ഏയ്റോനോട്ടിക്കല്‍ സിസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തേക്ക് എത്തുന്നതോടെ ഡിഫന്‍സ് ഏവിയോണിക്‌സ് റിസര്‍ച്ച് എസ്റ്റാബ്ലിഷ്‌മെന്റ് (DARE), ഗ്യാസ് ടര്‍ബൈന്‍ റിസര്‍ച്ച് എസ്റ്റാബ്‌ളിഷ്‌മെന്റ്(GTRE), സെന്റര്‍ ഫോര്‍ എയര്‍ ബോണ്‍ സിസ്റ്റം (CABS), എയറോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (ADE), സെന്റര്‍ ഫോര്‍ മിലിട്ടറി എയര്‍വര്‍ത്തിനെസ് ആന്‍ഡ് സെര്‍ട്ടിഫിക്കേഷന്‍(CEMILAC), ഏരിയല്‍ ഡെലിവറി റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (ADRDE) , എയറോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് ഏജന്‍സി (ADA) തുടങ്ങിയ വിഭാഗങ്ങളുടെ മേധാവിയായിരിക്കും ടെസി.

ആലപ്പുഴ സ്വദേശിനിയായ ടെസി 1985 മുതല്‍ ഡി ആര്‍ ഡി ഒയിലെ ശാസ്ത്രജ്ഞയാണ്. ആലപ്പുഴ തത്തംപള്ളി തൈപ്പറമ്പില്‍ വീട്ടില്‍ പരേതനായ ടി.ജെ. തോമസിന്റെയും കുഞ്ഞമ്മയുടെയും മകളാണ്. ആലപ്പുഴ സെന്റ് ജോസഫ്സ് സ്‌കൂളില്‍ പഠിച്ചശേഷം തൃശ്ശൂര്‍ എന്‍ജിനീയറിങ് കോളേജില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി.ടെക് ബിരുദം നേടി. 1985ല്‍ ഡി.ആര്‍.ഡി. ഒ.യുടെ കീഴിലുള്ള പുണെയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍മമെന്റ് ടെക്നോളജിയില്‍ നിന്ന് എം.ടെക് നേടിയ ശേഷമാണ് ഡി.ആര്‍.ഡി.ഒ.യില്‍ ചേര്‍ന്നത്. 

content highlights: Malayali scientist Tessy Thomas appointed as DRDO’s DG Aeronatical systems