ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് 9000 കോടി വായ്പയെടുത്ത് മുങ്ങിയ മദ്യരാജാവ് വിജയ് മല്യ മകനോടൊപ്പം എപിഎല്‍ ഫൈനല്‍ ആഘോഷമായി കാണുന്ന വീഡിയോ പുറത്ത്. വിജയ് മല്യയോടൊപ്പം ചില അടുത്ത സുഹൃത്തുക്കളും ഉള്‍പ്പെടുന്ന വീഡിയോ മല്യയുടെ മകന്‍ സിദ്ധാര്‍ത്ഥ് മല്യയാണ് പുറത്തുവിട്ടത്. 

മല്യയുടെ ഉടമസ്ഥതയിലായിരുന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായിരുന്നു ഐപിഎല്‍ ഒമ്പതാം എഡിഷനിലെ ഫൈനലിസ്റ്റുകള്‍. ഈ മത്സരം വലിയ സ്‌ക്രീനില്‍ കാണുന്ന മല്യയുടെയും സംഘത്തിന്റെയും വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

ഫൈനലില്‍ ബാംഗ്ലൂര്‍ ബാറ്റ് ചെയ്യുമ്പോഴുള്ള ദൃശ്യങ്ങളാണിവ. മത്സരത്തില്‍ ബാംഗ്ലൂര്‍ എട്ട് റണ്‍സിന് തോറ്റിരുന്നു.

ഇന്ത്യയിലെ ഭരണകൂടത്തെയും ഉദ്യോഗസ്ഥവൃന്തത്തെയും പറ്റിച്ചു രാജ്യം വിട്ട മല്യ ലണ്ടനിയെവിടെയോ പോയി ഒളിച്ചിരിക്കുകയാണെന്ന ധാരണ വേണ്ടെന്ന് മല്യ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ നേരത്തേ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ലണ്ടനില്‍ മകനോടൊപ്പം ഫൈനല്‍ ആഘോഷിക്കുന്ന മല്യയുടെ വീഡിയോ പുറത്തു വന്നിരിക്കുന്നത്.

ഇന്ത്യയിലെ ബാങ്കുകള്‍ക്ക് കോടിക്കണക്കിന് രൂപ നല്‍കാനുള്ള മല്യ യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞതോടൊപ്പം ആര്‍.സി.ബി.യുടെ ഡയറക്ടര്‍ സ്ഥാനവും ഒഴിഞ്ഞിരുന്നു.