ബെംഗളൂരു: ചരിത്രപുരുഷനായ ടിപ്പു സുല്‍ത്താനെ ചൊല്ലിയുള്ള വിവാദം കത്തിപ്പടരുന്ന പശ്ചാത്തലത്തില്‍, ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേരു മാറ്റില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ടിപ്പു സുല്‍ത്താന്റെ ജന്മദിനം ആഘോഷിക്കാന്‍ കര്‍ണാട സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷം ഉണ്ടാവുകയും ഒരു വി.എച്ച്.പി. പ്രവര്‍ത്തകന്‍ മരിക്കുകയും ചെയ്തിരുന്നു. ഇതിനിടെ, അഭിനേതാവും നാടകകൃത്തുമായ ഗിരീഷ് കര്‍ണാട് കെംപഗൗഡ വിമാനത്താവളത്തിന്റെ പേര് മാറ്റണമെന്ന് അഭിപ്രായപ്പെട്ടത് എരിതീയില്‍ എണ്ണയൊഴിച്ചിരുന്നു.

സംസ്ഥാനത്ത് നാളെ ബന്ദിന് വി.എച്ച്.പി. ആഹ്വാനം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാന നില വഷളാക്കിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. 

ടിപ്പു സുല്‍ത്താന്‍ ജന്മദിനാഘോഷത്തിനെതിരെ അഭിപ്രായം പറഞ്ഞതിന് തനിക്കെതിരെ വധഭീഷണി ഉണ്ടായതായി മൈസൂരു-കുടക് എം.പി.യായ പ്രതാപ് സിംഹ പരാതിപ്പെട്ടു. ഗിരീഷ് കര്‍ണാടിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹത്തിനു നല്‍കിയ ജ്ഞാനപീഠ പുരസ്‌കാരം തിരിച്ചെടുക്കണമെന്നും ഹൈന്ദവ സംഘടനാ പ്രവര്‍ത്തകന്‍ ചൈന രാമു ആവശ്യപ്പെട്ടു. കര്‍ണാടിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇയാള്‍ ബംഗലൂരു വിധാന്‍സൗധ പോലീസില്‍ പരാതിപ്പെട്ടിട്ടുമുണ്ട്.

അതേസമയം, ചരിത്രത്തെ വളച്ചൊടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് നടക്കുന്നതെന്ന് ടിപ്പു സുല്‍ത്താന്‍ കുടുംബത്തിലെ പിന്മുറക്കാരനായ അന്‍വര്‍ ഷാ ആരോപിച്ചു. വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.