ബെംഗളൂരു: കര്‍ണാടകത്തിലെ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യത്തിലെ കല്ലുകടി പ്രകടമാക്കി മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. കൂട്ടുകക്ഷി മന്ത്രിസഭ നയിക്കാന്‍ താന്‍ ഏറെ ബുദ്ധിമുട്ടുകയാണെന്നും ഒട്ടും സന്തോഷവാനല്ലെന്നും പറഞ്ഞ അദ്ദേഹം ബെംഗളൂരുവിലെ ഒരു പൊതുസമ്മേളനത്തില്‍ പ്രസംഗത്തിനിടെ വിതുമ്പി.

'നിങ്ങളുടെ ചേട്ടനോ അനുജനോ മുഖ്യമന്ത്രിയായതിന്റെ സന്തോഷത്തിലാണ് നിങ്ങള്‍. അതുകൊണ്ടാണ് പൂച്ചെണ്ടുകളും മാലകളും എനിക്ക് സമ്മാനിച്ചത്. പക്ഷേ  കൂട്ടുമന്ത്രി സഭ നയിച്ചുകൊണ്ട് പോകുന്നതില്‍ താന്‍ ഏറെ വിഷമിക്കുന്നൂ. അതുകൊണ്ടുതന്നെ പൂച്ചെണ്ടുകള്‍ എനിക്ക് സന്തോഷത്തോടെ സ്വീകരിക്കാനാകില്ല.' - കുമാരസ്വാമി വിതുമ്പിക്കൊണ്ട് പറഞ്ഞു. 

ലോകത്തെ രക്ഷിക്കാന്‍ വിഷം  കുടിച്ച പരമശിവന്റെ അവസ്ഥയാണ് ഇപ്പോള്‍ തന്റേതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കുമാര സ്വാമിയുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്

കര്‍ണാടകത്തില്‍ അരങ്ങേറിയ രാഷ്ട്രീയ നാടകത്തിനൊടുവില്‍ മെയ് 23 നാണ് കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തെരഞ്ഞടുപ്പില്‍ കേവല ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടര്‍ന്ന് ജെ.ഡി.എസ് - കോണ്‍ഗ്രസ് സഖ്യം രൂപവത്കരിച്ചാണ് അദ്ദേഹം മുഖ്യമന്ത്രിയായത്.