ന്യൂഡല്‍ഹി:  ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ രൂപവത്കരിച്ചത് സുപ്രീംകോടതി റദ്ദാക്കി. കൊളീജിയം രീതി മാറ്റി ജഡ്ജിമാരുടെ നിയമനത്തിനായി കേന്ദ്ര സര്‍ക്കാര്‍ നിയമഭേദഗതിയിലൂടെയാണ് ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ രൂപവത്കരിച്ചത്. എന്നാല്‍ ഇത് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് അത് റദ്ദാക്കി പഴയ കൊളീജിയം രീതി സുപ്രീംകോടതി പുന:സ്ഥാപിച്ചത്.

ജസ്റ്റിസ് ജെ.എസ് കഹാര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റേതാണ് സുപ്രധാന ഉത്തരവ്. കൊളീജിയം രീതി പുന:സ്ഥാപിച്ചങ്കിലും അതിലും നവീകരണം ആവശ്യമാണെന്ന് ഡിവിഷന്‍ ബഞ്ച് അഭിപ്രായപ്പെട്ടു. നവീകരണത്തിനായി പ്രത്യേക സമിതി വേണമെന്നും കോടതി നിര്‍ദേശിച്ചു.

ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷനുണ്ടാക്കിയത് ഭരണഘടനാ തത്വങ്ങള്‍ ലംഘിക്കുന്ന നടപടിയാണെന്ന് ഭരണഘടനാ ബഞ്ച് വിലയിരുത്തി. ഭരണഘടനാപരമായ അധികാരങ്ങളെ ചോദ്യം ചെയ്യുന്ന നടപടിയാണ് സര്‍ക്കാരിന്റേതെന്ന ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. ഭരണഘടനയുടെ 124 ാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ടാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ രൂപവത്കരിച്ചത്. ഇതിനെതിരെ പ്രതിപക്ഷവും ചില നിയമവിദഗ്ധരും രംഗത്തെത്തിയിരുന്നു. ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്ത് നേരത്തെ ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നെങ്കിലും അത് കോടതി തള്ളിക്കളയുകയായിരുന്നു.

സുപ്രീംകോടതി ഉത്തരവ് കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടിയായി. ജഡ്ജിമാരെ നിയമിക്കുന്നതില്‍ സര്‍ക്കാരിന്റെ പങ്കാളിത്തം കൂടി ഉറപ്പാക്കുന്നതിനാല്‍ കേന്ദ്ര നിയമമന്ത്രിയെ കൂടി അംഗമാക്കി ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന് സര്‍ക്കാര്‍ രൂപം നല്‍കിയത്.