ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടയാള്‍ക്ക് സംരക്ഷണം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്. പശുവിനെ കൊല്ലാന്‍ വന്നതാണെന്ന സംശയത്തേത്തുടര്‍ന്ന് ജൂണ്‍ 18നാണ് ആള്‍ക്കൂട്ടം രണ്ടുപേരെ ആക്രമിച്ചത്. സംഭവത്തേക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസിന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

നേരത്തേ എന്‍.ഡി.ടി.വി. പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ആക്രമിച്ചത് തങ്ങളാണെന്ന് അവകാശപ്പെടുന്നവരുടെ വീഡിയോ പുറത്തുവന്നിരുന്നു. ഇതിനേത്തുടര്‍ന്ന് ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട സൈനുദ്ദീന്‍ കേസില്‍ എത്രയും വേഗത്തില്‍ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടതിനേത്തുടര്‍ന്നാണ് കോടതി ഇന്ന് കേസ് പരിഗണിച്ചത്. 

കേസില്‍ പ്രധാന പ്രതിയായ രാകേഷ് സിസോദിയയെ പോലീസ് അറസ്റ്റു ചെയ്യുകയും ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ യാതൊരു പങ്കുമില്ലെന്നും സ്ഥലത്തുണ്ടായിരുന്നില്ലെന്നും കോടതിക്ക് എഴുതി നല്‍കിയ പ്രസ്താവനയില്‍ സിസോദിയ പറഞ്ഞിരുന്നു. ഇതിന് ശേഷം പുറത്തുവന്ന വീഡിയോയിലാണ് കുറ്റം ചെയ്തത് താനാണെന്നും ജയില്‍ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഇത് സമ്മതിച്ചിട്ടുണ്ടെന്നും സിസോദിയ വെളിപ്പെടുത്തുന്നത്. 

ജൂണ്‍ 18ന് നടന്ന ആക്രമണത്തിന്റെ മൊബൈലില്‍ ചിത്രീകരിച്ച വീഡിയോ സമൂഹമാധ്യമങ്ങള്‍ വഴി വന്‍തോതില്‍ പ്രചരിച്ചിരുന്നു. സൈനുദ്ദീനും ഒപ്പമുണ്ടായിരുന്ന ഇറച്ചി വില്‍പ്പനക്കാരനായ കാസിം ഖുറേഷിയുമാണ് ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടത്. കാസിം സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. സൈനുദ്ദീന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

Content Highlights: Supreme Court Orders Security for UP Lynching Survivor