''ഇത് ഞങ്ങളുടെ നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടമാണ്, അതിന്റെ പേരിൽ എന്തൊക്കെ കേൾക്കേണ്ടി വന്നാലും പിന്നോട്ടില്ല''- പറയുന്നത് ലക്ഷദ്വീപിലെ കാഡ്മത് ദ്വീപിൽ നിന്നുള്ള അധ്യാപകനും സാമൂഹിക പ്രവർത്തകനുമായ മുഹമ്മദ് കാസിം ആണ്. പ്രഫുൽ ഖോഡ പട്ടേൽ എന്ന അഡ്മിനിസ്ട്രേറ്റർക്കു കീഴിലെ ജനവിരുദ്ധ പരിഷ്കാരങ്ങൾ അവസാനിപ്പിക്കാൻ ദ്വീപ് നിവാസികൾ ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് പറയുകയാണ് അദ്ദേഹം. സർക്കാർ സംവിധാനങ്ങളിൽ നിന്ന് മുന്നറിയിപ്പോ ആനുകൂല്യമോ ഇല്ലാതെ കരാർ തൊഴിലാളികളെ പിരിച്ചുവിടുക, മത്സ്യബന്ധനം, ഫാമിങ് തുടങ്ങിയവ നടത്തിവന്നിരുന്ന സാധാരണക്കാരുടെ ഉപജീവനമാർ​ഗം ഇല്ലാതാക്കുക തുടങ്ങിയ എണ്ണമറ്റ ജനദ്രോഹ നടപടികളിലൂടെ എന്തു വികസനമാണ് ലക്ഷദ്വീപിൽ ഭരണകൂടം നടത്താൻ പോകുന്നതെന്ന് ചോദിക്കുന്നു അദ്ദേഹം.  മുഹമ്മദ് കാസിമുമായി മാതൃഭൂമി ഡോട്ട് കോം നടത്തിയ സംഭാഷണത്തിൽ നിന്ന്... 

എന്താണ് നിലവിലെ ലക്ഷദ്വീപിലെ അവസ്ഥ?

ഇന്നലെ വരെ വാർത്തകളിലും സിനിമകളിലുമൊക്കെ കണ്ട ലക്ഷദ്വീപ് അല്ല ഇന്നത്തേത്. ഇന്ന് ദ്വീപ് നിവാസികളെല്ലാം ആശങ്കയിലും ഭീതിയിലുമാണ് ദിവസങ്ങൾ തള്ളിനീക്കുന്നത്. ഒരുഭാ​ഗത്ത് അഡ്മിനിസ്ട്രേഷന്റെ കിരാതമായ നയങ്ങൾ വരിഞ്ഞു മുറുക്കുമ്പോൾ മറുഭാ​ഗത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നു. അതിനിടെ ടൗട്ടേ ചുഴലിക്കാറ്റിനു പിന്നാലെ ഉണ്ടായ നാശനഷ്ടങ്ങൾ വേറെ. എന്നിട്ടും അഡ്മിനിസ്ട്രേഷന്റെ ഭാ​ഗത്ത് നിന്ന് ആശ്വാസമായ നടപടിയൊന്നും ഉണ്ടാകുന്നില്ല എന്നതാണ് വേദനിപ്പിക്കുന്നത്. 

സർക്കാർ സംവിധാനങ്ങളിലും മറ്റ് തൊഴിലധിഷ്ഠിത മേഖലകളിലുമൊക്കെ തൊഴിലാളി വിരുദ്ധ അഴിച്ചു പണികൾ നടന്നുകൊണ്ടിരിക്കയാണ്. ജനങ്ങളുടെ പ്രതികരണം?

ഇതിനെതിരേ ജനങ്ങൾ ശക്തമായി പ്രതികരിച്ചുകൊണ്ടിരിക്കുകയാണ്. കാരണം ലക്ഷദ്വീപിനെ സംബന്ധിച്ചിടത്തോളം സ്വകാര്യമേഖലകളിൽ തൊഴിൽസാധ്യതകൾ പരിമിതമാണ്. ആ സാഹചര്യം നിലനിൽക്കേ പൊതുമേഖലാ സ്ഥാപനങ്ങളിൽ വിവിധ വകുപ്പുകളിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെ മുന്നറിയിപ്പും ആനുകൂല്യവും നൽകാതെ പിരിച്ചുവിടുകയാണ്. ഇരുപതും ഇരുപത്തിയഞ്ചും വർഷത്തോളം പരിചയസമ്പത്തുള്ളവരാണ് അവരിൽ പലരും. ഒരു സുപ്രഭാതത്തിൽ പിരിച്ചുവിടുമ്പോൾ ആ കുടുംബങ്ങൾ പട്ടിണിയിലേക്കാണ് നീങ്ങുന്നത്. ഈ ലോക്ക്ഡൗൺ പ്രതിസന്ധിയിൽ പോലും ദയാദാക്ഷിണ്യമില്ലാത്ത നടപടിയാണ് അഡ്മിനിസ്ട്രേഷന്റെ ഭാ​ഗത്തു നിന്നുണ്ടായത്. 

2020 ഡിസംബർ മുതലാണ് പുതിയ അഡ്മിനിസ്ട്രേറ്റർക്ക് കീഴിൽ ഭരണപരിഷ്കാരങ്ങൾ അവതരിപ്പിച്ചു തുടങ്ങിയത്. പ്രതികരിക്കാൻ ഇത്ര വൈകിപ്പോയത് എന്തുകൊണ്ടായിരുന്നു എന്നു ചോദിക്കുന്നവരോട് ലക്ഷദ്വീപ് ജനതയ്ക്ക് പറയാനുള്ളത്?

പ്രഫുൽ ഖോഡ പട്ടേൽ അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റതിനു പിന്നാലെ ഭരണപരിഷ്കരണങ്ങൾ ആരംഭിച്ചപ്പോൾ മുതൽ ജനങ്ങൾ ശക്തമായി പ്രതികരണങ്ങൾ നടത്തിയിരുന്നു. എന്നാൽ, മാധ്യമങ്ങളുടെ അഭാവം മൂലം അവ പുറംലാകം അറിഞ്ഞിരുന്നില്ല. മാത്രമല്ല പ്രതിഷേധിക്കുന്ന വ്യക്തികളെയാകട്ടെ, സംഘടനകളെയാകട്ടെ, രാഷ്ട്രീയപ്പാർട്ടികളെയാകട്ടെ കോവിഡിന്റെ പേരിൽ പ്രഖ്യാപിക്കപ്പെട്ട നിയമങ്ങളുടെ ബലത്തിൽ അടിച്ചമർത്തുകയും ​കേസുകൾ ചുമത്തി അറസ്റ്റു ചെയ്യുകയും ചെയ്യുന്ന നടപടിയാണ് ഭരണകൂടം സ്വീകരിച്ചത്. അതുകൊണ്ടുതന്നെ പ്രതിഷേധങ്ങളെല്ലാം ഉയർന്ന തലത്തിലേക്കെത്തിക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോഴാണ് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ലക്ഷദ്വീപ് വിഷയം ചർച്ചയായത്. 

ലക്ഷദ്വീപ് എന്നാൽ കേരളത്തിന് മലയാളികളുടെ സ്വന്തം നാടാണ്. മലയാളികളുടെ പിന്തുണയെക്കുറിച്ച്?

കേരളം ലക്ഷദ്വീപ് നിവാസികളെ സംബന്ധിച്ചിടത്തോളം പോറ്റമ്മയാണ്. കേരളത്തിൽനിന്ന് ലക്ഷദ്വീപിന് ഈ പ്രതിസന്ധി ഘട്ടത്തിൽ കിട്ടിയ പിന്തുണ വാക്കുകൾക്കതീതമാണ്. എങ്ങനെ ഈ ഘട്ടത്തെ അതിജീവിക്കുമെന്നറിയാതെ കേഴുന്ന സമയത്താണ് രാഷ്ട്രീയഭേദമന്യേ കേരളം ഒറ്റക്കെട്ടായി കൂടെനിന്നത്. അതിന് എത്ര തന്നെ നന്ദി പറഞ്ഞാലും മതിയാവില്ല. ഹൃദയത്തിൽ നിന്നുള്ള നന്ദി ലോകത്തിലുള്ള എല്ലാ മലയാളികൾക്കും അറിയിക്കുകയാണ്. 

അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങൾക്കെതിരേ പ്രതികരിക്കുന്നവരെ ഭീകരവാദികൾ എന്ന് മുദ്ര കുത്തുന്നതിനെക്കുറിച്ച്? 

പ്രതികരിക്കുന്നവരെ ഭീകരവാദികൾ ആക്കുന്ന പ്രവണത ഇന്ത്യയിൽ ഇപ്പോൾ സാധാരണമാണ്. അതുപോലെ തന്നെയാണ് ലക്ഷദ്വീപിലും ആവർത്തിക്കുന്നത്. അഡ്മിനിസ്ട്രേഷന്റെ ജനദ്രോഹപരമായ നടപടികൾക്കെതിരെ ജനാധിപത്യരീതിയിൽ പ്രതികരിക്കുന്നവരെ പോലും ഭീകരവാദികളും രാജ്യദ്രാഹികളുമാക്കി ചിത്രീകരിക്കുകയാണിന്ന്. അതിനുള്ള സംഘടിതമായ ശ്രമങ്ങളും നടക്കുന്നുണ്ട്. പക്ഷേ, പ്രതികരിക്കാതിരിക്കാൻ ഞങ്ങൾക്കാവില്ല. അതിന്റെ പേരിൽ ഭീകരവാദികളും രാജ്യദ്രോഹികളുമാക്കിയാലും പ്രതികരിക്കാതെ ഇരിക്കാനാവില്ല. ഇത് അവകാശങ്ങൾക്കും നിലനിൽപ്പിനും വേണ്ടിയുള്ള പോരാട്ടമാണ്. 

രാഷ്ട്രീയ ഭേദമന്യേ ലക്ഷദ്വീപിലെ ബി.ജെ.പി. ഘടകത്തിൽനിന്നു പോലും ഭരണ പരിഷ്കാരങ്ങൾക്കെതിരേ പ്രതിഷേധം ഉടലെടുത്തതിനെക്കുറിച്ച്?

രാഷ്ട്രീയഭേദമന്യേയാണ് ഈ വിഷയത്തിൽ ലക്ഷദ്വീപ് നിവാസികൾ പ്രതികരിച്ചത്. ഇവിടെ ജനിച്ചുവളർന്നവർ തന്നെയാണ് ബി.ജെ.പി. ഘടകത്തിലും പ്രവർത്തിക്കുന്നത്. അവർക്കറിയാം ലക്ഷദ്വീപിലെ കഴിഞ്ഞകാല ജീവിതാന്തരീക്ഷവും സംസ്കാരവുമൊക്കെ. അതുകൊണ്ടുതന്നെ ഇത്തരം പരിഷ്കാരങ്ങളോട് മനസ്സാക്ഷിയുള്ള ഒരാൾക്കും പിന്തുണ നൽകാനാവില്ല. ബി.ജെ.പി. ഉൾപ്പെടെ പങ്കെടുത്ത് സർവകക്ഷി ചേരുകയും അതിന്റെ ഭാ​ഗമായി സേവ് ലക്ഷദ്വീപ് ഫോറം എന്ന കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തു. അതിന്റെ നടപടികളുമായി മുന്നോട്ടു പോവുകയാണ്. 

ടൂറിസത്തിന്റെ മറവിൽ സാധാരണക്കാരന്റെ വയറ്റത്തടിച്ചു നടത്തുന്ന പരിഷ്കാരങ്ങളോട് പറയാനുള്ളത്? 

ടൂറിസത്തിന്റെ മറവിൽ സാധാരണക്കാരന്റെ വയറ്റത്തടിക്കുന്ന നടപടി തന്നെയാണ് നടക്കുന്നത്. യഥാർഥത്തിൽ ഈ അഡ്മിനിസ്ട്രേറ്റർക്കും കേന്ദ്രഭരണകൂടത്തിനും ലക്ഷദ്വീപിനെ ഒരു അന്തർ ദേശീയ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റണം എന്ന ഉദ്ദേശമാണുള്ളത്. അതിനുവേണ്ടിയാണ് ഇവിടെ വികസനത്തിന്റെ മറ പിടിച്ച് എയർപോർട്ടും ഹൈവേ ആയും നെറ്റ് കണക്റ്റിവിറ്റിയുമൊക്കെ കൊണ്ടുവരുന്നത്. അല്ലാതെ ജനങ്ങൾക്കു വേണ്ടിയല്ല. ജനങ്ങളെ അവരുടെ തൊഴിലിടങ്ങളിൽനിന്ന് പിരിച്ചുവിട്ട്, ഉപജീവനമാർ​ഗം ഇല്ലാതാക്കി എന്ത് വികസനമാണ് നടപ്പിലാക്കാൻ പോകുന്നത്? ജനങ്ങളുടെ വരുമാനം മുട്ടിക്കുന്ന പരിഷ്കാരങ്ങളാണ് ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത്. 

ലക്ഷദ്വീപിലെ ഇന്റർനെറ്റ് വേ​ഗത വളരെ ശോചനീയമാണെന്ന് വാർത്തകൾ വന്നിരുന്നു. അതിനു പിന്നിലും ഭരണകൂടത്തിന്റെ ഇടപെടലാണോ? 

നേരത്തേ തന്നെ ലക്ഷദ്വീപ് ഇന്റർനെറ്റ് കണക്റ്റിവിറ്റിയുടെ കാര്യത്തിൽ വളരെ പിന്നിലാണ്. എന്നാൽ, അടുത്തകാലത്തായി നെറ്റ് വേ​ഗത വല്ലാതെ കുറഞ്ഞു. അതിനു പിന്നിൽ ഭരണകൂടത്തിന്റെ ഇടപെടൽ ഉണ്ടെന്നു തന്നെയാണ് സംശയിക്കുന്നത്. ടൗട്ടേ ചുഴലിക്കാറ്റിനു പിന്നാലെ പല ദ്വീപുകളിലുമുള്ള ത്രീജി ഉപകരണങ്ങളും മോഡവുമൊക്കെ തകരുകയുണ്ടായി. അതുകഴിഞ്ഞ് ഇത്ര ദിവസമായിട്ടും അതിനാവശ്യമായ ഉപകരണങ്ങൾ കൊച്ചിയിൽ നിന്ന് എത്തിക്കാനായിട്ടില്ല. അതേക്കുറിച്ച് അനൗദ്യോ​ഗികമായി അന്വേഷിച്ചപ്പോൾ മനസ്സിലായത്, സർക്കാർ ഇതുവരേ അതിനുള്ള അനുവാദം ചെയ്തു തന്നിട്ടില്ല എന്നാണ്. ഒരുപക്ഷേ വരും നാളുകളിൽ ഈ പരിമിതമായ ഇന്റർനെറ്റ് സൗകര്യം പോലും വിച്ഛേദിക്കപ്പെട്ടേക്കാം എന്ന് സംശയിക്കുന്നുണ്ട്. 

ഒരു നാടിനെ മൊത്തം വിൽപനച്ചരക്കാക്കുന്ന അവസ്‌ഥയുണ്ടാക്കിയിട്ടും ന്യൂനപക്ഷത്തിന്റെ പ്രശ്നമാണ് എന്ന രീതിയിൽ അവതരിപ്പിക്കുന്ന വർ​ഗീയവാദികളോട് പറയാനുള്ളത്?

ഒരു നാടിനെ മൊത്തത്തില്‍ വിൽപനച്ചരക്കാക്കുന്ന അവസ്ഥയുണ്ടായിട്ടും ഇതു കേവലം ന്യൂനപക്ഷത്തെ മാത്രം ബാധിക്കുന്ന വിഷയമാണെന്ന് ചിത്രീകരിക്കുന്ന വർ​ഗീയവാദികളെ വകവെക്കാനേയില്ല. അവരെന്തു പറഞ്ഞാലും വിദ്യാഭ്യാസവും വിവരവും വിവേകവുമുള്ള ജനങ്ങൾ ലക്ഷദ്വീപ് നിവാസികളുടെ ന്യായമായ ആവശ്യങ്ങൾ തിരിച്ചറിയുന്നുണ്ട്. ഇത് ഞങ്ങളുടെ നിലനിൽപിന്റെ പ്രശ്നമാണ്. ഞങ്ങൾ ഇവിടെ ജനിച്ചു വളർന്നവരാണ്. എന്ത് വികസനത്തിന്റെയും പരിഷ്കരണത്തിന്റെയും പേരിലായാലും ഈ മണ്ണിനെ സംരക്ഷിക്കാൻ ഏതറ്റം വരെ പോകാനും ഞങ്ങൾ തയാറാണ്. 

Content Highlights: social activist from lakshadweep speaking about crisis in Lakshadweep