പ്രയാഗ്രാജ്: ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം ചെയ്ത് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കുംഭമേളയോടനുബന്ധിച്ച് പുണ്യം തേടാനെത്തിയ ആദ്യ വി ഐ പി യാണ് സ്മൃതി ഇറാനി. കുംഭമേളയിലെ സ്നാനത്തിന് ശേഷം അവർ തന്നെയാണ് ചിത്രം ട്വീറ്റ് ചെയ്തത്.
#kumbh2019 #trivenisangam हर हर गंगे 🙏 pic.twitter.com/MqQXDL5SN3
— Smriti Z Irani (@smritiirani) January 15, 2019
ഹിന്ദു വിശ്വാസപ്രകാരം ഗംഗയിലെ സ്നാനം സകല പാപങ്ങളും നീക്കുമെന്നാണ്. എന്നാൽ കുംഭമേളയ്ക്കിടയിലെ ഗംഗാസ്നാനം ഒരു ജന്മം മുഴുവനുള്ള പാപങ്ങൾനീക്കുമെന്നാണ് വിശ്വസിക്കുന്നത്.
ത്രിവേണീ സംഗമത്തില്‍ സ്നാനത്തിനും പൂജകള്‍ക്കും പ്രാര്‍ഥനകള്‍ക്കുമായി ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ ഇതിനകംതന്നെ എത്തിക്കഴിഞ്ഞു.
അര്‍ധകുംഭമേളയാണ് ഇത്തവണത്തേത്. ജനുവരി 15-ന് തുടങ്ങി മാര്‍ച്ച് നാലുവരെയാണ് മേള. പ്രധാന ചടങ്ങുകള്‍ ചൊവ്വാഴ്ച ആരംഭിക്കും. പതിനായിരത്തോളം താത്കാലിക ഇടത്താവളങ്ങളും പ്രത്യേക പാതകളും പന്തലുകളും പാലങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. കൊടുംതണുപ്പിനിടയിലും പ്രയാഗ്രാജിലേക്ക് തീര്‍ഥാടകപ്രവാഹമാണിപ്പോള്‍.
എല്ലാ തവണത്തേക്കാളും കൂടുതല്‍ വിദേശസഞ്ചാരികളെയാണ് യു.പി. സര്‍ക്കാര്‍ ഇത്തവണ പ്രതീക്ഷിക്കുന്നത്. വിദേശസഞ്ചാരികള്‍ ധാരാളമായി ഇതിനകം പ്രയാഗ്രാജില് എത്തിയിട്ടുണ്ട്. ഇവര്‍ക്കായി 1200 ആഡംബര ടെന്റുകളും പ്രത്യേക ഭക്ഷണശാലകളും പ്രയാഗ്രാജിലെ മണപ്പുറത്ത് ഒരുക്കി. പ്രയാഗ് രാജിലേക്ക് കൂടുതല്‍ ട്രെയിനുകളും സര്‍വീസ് നടത്തുന്നുണ്ട്. പ്രയാഗ്രാജില് കുംഭമേളയുടെ മോടികൂട്ടാനായി എങ്ങും ചുവര്‍ചിത്രങ്ങളും പെയിന്റിങ്ങുകളും തയ്യാറാക്കിയിട്ടുണ്ട്.
Content Highlights: Smriti Irani at Kumbha Mela