ന്യൂഡല്‍ഹി: പ്രതികാര ബുദ്ധിയോടെ ബിജെപി സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അത്തരത്തിലുള്ള തീരുമാനങ്ങള്‍ മുമ്പ് കോണ്‍ഗ്രസാണ് സ്വീകരിച്ചിട്ടുള്ളതെന്ന് എസ്.പി.ജി നിയമ ഭേദഗതി ബില്ലിന്റെ ചര്‍ച്ചയ്ക്ക് മറുപടി നല്‍കവെ അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, അവരുടെ മക്കളായ രാഹുല്‍, പ്രിയങ്ക എന്നിവരുടെ സുരക്ഷ പിന്‍വലിച്ചിട്ടില്ലെന്നും സഡ് പ്ലസ് കാറ്റഗറിയിലേക്ക് മാറ്റുകയാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി കുടുംബത്തിന്റെ സുരക്ഷ പിന്‍വലിക്കുന്നതിനാണ് എസ്പിജി നിയമം ഭേദഗതി ചെയ്യുന്നതെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിട്ടുണ്ട്. എന്നാല്‍ ഗാന്ധി കുടുംബത്തിന്റെ സുരക്ഷ പിന്‍വലിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമാണ്.

സോണിയയുടെ സുരക്ഷ സഡ് പ്ലസ് കാറ്റഗറിയിലേക്ക് മാറ്റുകയും വാഹന വ്യൂഹത്തില്‍ ആംബുലന്‍സ് ഉള്‍പ്പെടുത്തുകയുമാണ് ചെയ്തത്. മുന്‍ പ്രധാനമന്ത്രിമാരായ ചന്ദ്രശേഖര്‍, ഐ.കെ ഗുജറാള്‍, മന്‍മോഹന്‍ സിങ് എന്നിവരുടെ എസ്പിജി സുരക്ഷ പിന്‍വലിച്ചിരുന്നു. എന്നാല്‍, ആരും ഒരു അക്ഷരം പോലും പറഞ്ഞില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി. 

Content Highlights: Security of Gandhi family not withdrawn but only changed: Shah