ന്യൂഡല്‍ഹി: ഉന്നത നീതിപീഠങ്ങളിലെ ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള ദേശീയ ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ നിയമം ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതി. കൊളീജിയം സംവിധാനത്തിന് പകരം ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ രൂപവത്കരിക്കുന്നതിന് വഴിയൊരുക്കിയുള്ള ഭരണഘടനയുടെ 99-ാം ഭേദഗതിയും വെള്ളിയാഴ്ച ചരിത്രവിധിയിലൂടെ റദ്ദാക്കി. സര്‍ക്കാറിന്റെ പ്രതിനിധികള്‍ ഉള്‍പ്പെട്ട പുതിയ സംവിധാനം ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
 

നിയമമന്ത്രി സദാനന്ദ ഗൗഡ 
 
അത്ഭുതപ്പെടുത്തുന്നതാണ് ഈ വിധി. ഭാവി കാര്യങ്ങള്‍ പ്രധാനമന്ത്രിയുമായും നിയമജ്ഞരുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കും. പാര്‍ലമെന്റിന്റെ അധികാരമാണ് ചോദ്യംചെയ്യപ്പെട്ടത്. നിയമസഭകളും അംഗീകരിച്ചതാണ് രണ്ട് നിയമങ്ങളും. ജനങ്ങളുടെ താത്പര്യമാണ് നിയമങ്ങളില്‍ പ്രതിഫലിച്ചത്.

അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി 

കൊളീജിയം സംവിധാനത്തെക്കുറിച്ച് ഭരണഘടനയില്‍ ഒരിടത്തും പറയുന്നില്ല. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും അംഗീകരിച്ചതാണ് ഈ നിയമം. പിഴവുകള്‍ ഒഴിവാക്കി പുതിയത് കൊണ്ടുവരുന്നതിനെക്കുറിച്ച്   തീരുമാനിക്കേണ്ടത് സര്‍ക്കാറും  പാര്‍ലമെന്റുമാണ്. എന്തായാലും സര്‍ക്കാറും  ജുഡീഷ്യറിയുംതമ്മില്‍ ഏറ്റുമുട്ടലിനില്ല

കേന്ദ്രമന്ത്രി രവിശങ്കര്‍പ്രസാദ് 

ജഡ്ജിമാരെ തിരഞ്ഞെടുത്തിരുന്ന രീതിയില്‍ പിഴവുകളുണ്ടെന്ന് സമ്മതിക്കലാണ് കൊളീജിയംസംവിധാനം പരിഷ്‌കരിക്കാനുള്ള സുപ്രീംകോടതിയുടെ തീരുമാനം. ഭരണഘടനാപരിഷ്‌കരണകമ്മിഷനും ഭരണപരിഷ്‌കരണകമ്മിഷനും പാര്‍ലമെന്ററി സമിതികളും പുതിയ നിയമം വേണമെന്ന് നിര്‍ദേശിച്ചിരുന്നു. 


 കൊളീജിയം സംവിധാനം ജസ്റ്റിസ് ജെ.എസ്. കേഹറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാബെഞ്ച് ഭൂരിപക്ഷവിധിയിലൂടെ പുനഃസ്ഥാപിച്ചു. 99-ാം ഭേദഗതി ഭരണഘടനാവിരുദ്ധമാണെന്ന വിധിയില്‍ അഞ്ചംഗ ബെഞ്ചിലെ നാല് ജഡ്ജിമാര്‍ യോജിച്ചപ്പോള്‍, ജസ്റ്റിസ് ജെ. ചെലമേശ്വര്‍ വിയോജിച്ചു. ജസ്റ്റിസുമാരായ മദന്‍ ബി. ലോക്കൂര്‍, കുര്യന്‍ ജോസഫ്, എ.കെ. ഗോയല്‍ എന്നിവരുമടങ്ങുന്ന ബെഞ്ചാണ് വിധിയെഴുതിയത്. അഞ്ച് ജഡ്ജിമാരും തങ്ങളുടേതായ കാരണങ്ങള്‍ വ്യത്യസ്തമായിത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
 
കൊളീജിയം സംവിധാനത്തിന്റെ പോരായ്മകള്‍ പരിഹരിച്ച് മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ക്കായി നവംബര്‍ മൂന്നിന് കേസ് വീണ്ടും പരിഗണിക്കും. സുപ്രീംകോടതി അഡ്വക്കേറ്റ്‌സ് ഓണ്‍ റെക്കോഡ് അസോസിയേഷനും മറ്റും നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാറിന് കനത്ത തിരിച്ചടിയായ വിധി. 31 ദിവസം നീണ്ട വാദത്തിനുശേഷം കഴിഞ്ഞ ജൂലായ് 15-നാണ് ഹര്‍ജികള്‍ വിധിപറയാന്‍ മാറ്റിയത്.

    
1030 പേജുള്ള വിശദമായ വിധിയാണ് ഭരണഘടനാബെഞ്ച് പുറപ്പെടുവിച്ചത്. ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട 1993-ലെയും 1998-ലെയും വിധികള്‍ വിപുലമായ ബെഞ്ചിന്റെ പുനഃപരിശോധനയ്ക്ക് വിടണമെന്ന സര്‍ക്കാറിന്റെ ആവശ്യവും സുപ്രീംകോടതി തള്ളി.

ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ ജഡ്ജിമാരുടെ നിയമനത്തില്‍ ഭരണഘടന വിഭാവനംചെയ്തിട്ടുള്ള, ജുഡീഷ്യറിക്കുള്ള പ്രാമുഖ്യം നഷ്ടപ്പെടുത്തുന്നതാണെന്ന് വിധിയില്‍ ജസ്റ്റിസ് കേഹര്‍ വ്യക്തമാക്കി. ആ സാഹചര്യത്തില്‍ ഭരണഘടനയുടെ 99-ാം ഭേദഗതി നിലനില്‍ക്കാന്‍ പറ്റില്ല. ഭരണഘടനാ ഭേദഗതിക്ക് നിലനില്‍പ്പില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ജഡ്ജിമാരുടെ നിയമനത്തിന് രൂപവത്കരിച്ച ദേശീയ ജുഡീഷ്യല്‍ നിയമത്തിനും സാധുതയില്ല -വിധിയില്‍ വ്യക്തമാക്കി.

കൊളീജിയം സംവിധാനത്തിന് സുതാര്യതയില്ലെന്ന് പറഞ്ഞാണ് ജുഡീഷ്യല്‍ നിയമന കമ്മിഷനെന്ന ആശയം രൂപപ്പെട്ടത്. മുന്‍ യു.പി.എ. സര്‍ക്കാറും ഇതു സംബന്ധിച്ച ബില്ല് അവതരിപ്പിച്ചെങ്കിലും മുന്നോട്ടുപോയില്ല. എന്‍.ഡി.എ. സര്‍ക്കാര്‍ വന്നശേഷം നിയമമന്ത്രിയായ അരുണ്‍ ജെയ്റ്റ്‌ലിയുടെ കാര്‍മികത്വത്തിലാണ് പുതിയ ബില്ലുകള്‍ കൊണ്ടുവന്നത്.
 

ജുഡീഷ്യല്‍ നിയമന കമ്മിഷന്‍
 
സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, രണ്ട് മുതിര്‍ന്ന ജഡ്ജിമാര്‍, കേന്ദ്ര നിയമമന്ത്രി എന്നിവരും രണ്ട് പ്രമുഖവ്യക്തികളും അംഗങ്ങള്‍. ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതിയാണ് രണ്ട് പ്രമുഖവ്യക്തികളെ നാമനിര്‍ദേശം ചെയ്യുന്നത്. മൂന്നുകൊല്ലം കാലാവധി.

കഴിഞ്ഞവര്‍ഷം ആഗസ്തില്‍ നിയമനകമ്മിഷന്‍ രൂപവത്കരിക്കുന്നതിനുള്ള 99-ാം ഭരണഘടനാഭേദഗതി പാര്‍ലമെന്റ് പാസാക്കി. ഇതിനോടൊപ്പം, ദേശീയ ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ നിയമവും പാസാക്കിയിരുന്നു. 20 സംസ്ഥാന നിയമസഭകള്‍ രണ്ട് ബില്ലുകള്‍ക്കും അംഗീകാരം നല്‍കിയതിനെത്തുടര്‍ന്ന് 2014 ഡിസംബര്‍ 31-ന് രാഷ്ട്രപതി അംഗീകാരം നല്‍കി. 2015 ഏപ്രില്‍ 13 മുതല്‍ ഭരണഘടനാ ഭേദഗതിയും നിയമന കമ്മിഷനും നിലവില്‍വന്നു.

  കൊളീജിയം

ചീഫ് ജസ്റ്റിസും സുപ്രീം കോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാരും അടങ്ങിയ സമിതി. ഉന്നതനീതിപീഠങ്ങളിലെ ജഡ്ജിമാരെ തിരഞ്ഞെടുക്കാനും സ്ഥലംമാറ്റ കാര്യത്തില്‍ തീരുമാനമെടുക്കാനും അധികാരം. ജഡ്ജിമാരുടെ നിയമനത്തില്‍, നിയമനിര്‍മാണസഭയ്ക്കും സര്‍ക്കാറിനും പങ്കുണ്ടായാല്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്ന തത്ത്വത്തില്‍ അധിഷ്ഠിതം. മൂന്നുകേസുകളില്‍നിന്നാണ് കൊളീജിയം സംവിധാനം രൂപപ്പെട്ടത്.

1981-ല്‍ ജഡ്ജിമാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട എസ്.പി. ഗുപ്ത കേസാണ് ആദ്യത്തേത്. 1993-ല്‍ സുപ്രീം കോടതിയിലെ അഡ്വക്കേറ്റ്‌സ് ഓണ്‍ റെക്കോഡ് നല്‍കിയ കേസിലാണ് മുതിര്‍ന്ന ജഡ്ജിമാരുടെ സംഘം ജഡ്ജിമാരെ നിയമിക്കുന്ന സംവിധാനത്തിന് രൂപം നല്‍കിയത്. 1998-ല്‍ അന്നത്തെ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ റഫറന്‍സിനുള്ള അഭിപ്രായത്തിലൂടെയാണ് കൊളീജിയം സംവിധാനം ഉറച്ചത്.