ന്യൂഡല്‍ഹി: ആള്‍വാറില്‍ പശുക്കടത്ത് ആരോപിച്ച്  നടന്ന ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമര്‍ശം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രൂരമായ പുതിയ ഇന്ത്യയേയാണ്‌ ഈ സംഭവത്തിലൂടെ കാണാനാവുക എന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.

രാഹുലിന്റെ ട്വീറ്റ്..."ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ, മരണാസന്നനായ രക്ബര്‍ ഖാനെ വെറും ആറുകിലോ മീറ്റര്‍ ദൂരെയുള്ള ആശുപത്രിയിലെത്തിക്കാന്‍ ആള്‍വാറിലെ പോലീസുകാര്‍ മൂന്നുമണിക്കൂറെടുത്തു. 
എന്തുകൊണ്ട്?

പാതിവഴിയില്‍ അവര്‍ ചായകുടിക്കാനിറങ്ങിയതുകൊണ്ട്

ഇതാണ് മോദിയുടെ 'ക്രൂരമായ' പുതിയ ഇന്ത്യ. അവിടെ മനുഷ്യത്വം വെറുപ്പിനാല്‍ പകരംവയ്ക്കപ്പെടുന്നു. ഒപ്പം ആളുകള്‍ ഞെരിച്ചമര്‍ത്തപ്പെടുകയും അവരെ മരണത്തിന് വിട്ടുകൊടുക്കുകയും ചെയ്യുന്നു" 

വെള്ളിയാഴച്ചയാണ് ആള്‍വാറില്‍ പശു കടത്താരോപിച്ച് ആള്‍ക്കുട്ടം അക്ബര്‍ ഖാനെ കൊലപ്പെടുത്തിയത്. രണ്ടു പശുക്കളുമായി വരുമ്പോഴായിരുന്നു ആക്രമണം. ഒപ്പമുണ്ടായിരുന്ന ആള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
പരിക്കേറ്റ അക്ബര്‍ ഖാനെ പോലീസ് ആശുപത്രിയില്‍ എത്തിക്കാന്‍ വൈകി എന്ന് ആരോപണമുയര്‍ന്നിരുന്നു.