ന്യൂഡൽഹി:  ഇന്ത്യ- റഷ്യ വാർഷിക ഉഭയകക്ഷി ചർച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്‌റ് വ്‌ളാദിമിർ പുതിനും കൂടിക്കാഴ്ച നടത്തും. 

കോവിഡ് പ്രതിരോധത്തിനായി റഷ്യൻ വാക്‌സിനായ സ്പുട്‌നിക്കിന്‌റെ നിർമ്മാണം പുണെ സിറം ഇൻസ്റ്രിറ്റിയൂട്ട് സെപ്തംബറിൽ ആരംഭിക്കാനിരിക്കെയാണ് ഇരു നേതാക്കളുടെയും കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്. കൂടിക്കാഴ്ചയുടെ ദിവസം, സ്ഥലം തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമായിട്ടില്ല. 

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകത്ത് ഉടലെടുത്ത കരുത്തുറ്റ ബന്ധമാണ് ഇന്ത്യയും റഷ്യയും തമ്മിലെന്ന് അടുത്തിടെ വിദേശകാര്യമന്ത്രി എസ് ജയശങ്കർ മോസ്‌കോയിൽ നടന്ന ഒരു ചടങ്ങിൽ വ്യക്തമാക്കിയിരുന്നു. 
2014 മുതൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പുതിനും തമ്മിൽ 19 തവണ കൂടിക്കാഴ്ച നടത്തിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കാണിക്കുന്നുവെന്നും നിലവിലെ സുപ്രധാന വിഷയങ്ങളായ ഭീകരവാദം, മഹാമാരി, കാലാവസ്ഥാ വ്യതിയാനം എന്നിവയിൽ ഇന്ത്യയ്ക്കും റഷ്യയ്ക്കും സമാന നിലപാടുകളാണെന്നും ജയശങ്കർ അന്ന് വ്യക്തമാക്കിയിരുന്നു.