ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ പ്രവേശന പരീക്ഷകള്‍ നടത്തുക ഇനി പുതിയ ഏജന്‍സി. നിലവില്‍ സി.ബി.എസ്.ഇ നടത്തിവരുന്ന നെറ്റ്, നീറ്റ്, ജെ.ഇ.ഇ എന്നീ പ്രവേശന പരീക്ഷകള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയായിരിക്കും നടത്തുക. കേന്ദ്ര മാനവ വിഭവശേഷിവകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ ഡല്‍ഹിയില്‍ അറിയിച്ചതാണ് ഇക്കാര്യം. 

സിലബസിനും പരീക്ഷ ഫീസിനും മാറ്റമുണ്ടാകില്ല. ജെ.ഇ.ഇ മെയിന്‍, നീറ്റ് പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ടു തവണയുണ്ടാകും. ഈ രണ്ടു പരീക്ഷകളിലുമായി ഉയര്‍ന്ന മാര്‍ക്കാവും പ്രവേശനത്തിനായി പരിഗണിക്കുക. ഒരു പരീക്ഷ മാത്രം എഴുതിയാലും അയോഗ്യതയുണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.

കമ്പ്യൂട്ടര്‍ അടിസ്ഥാനമാക്കിയുള്ളതാവും ഈ പരീക്ഷകളെന്നും വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്നോ അല്ലെങ്കില്‍ അംഗീകൃത കമ്പ്യൂട്ടര്‍ കേന്ദ്രങ്ങളിലിരുന്നോ ഇതിന് സൗജന്യ പരിശീലനം നേടാമെന്നും അദ്ദേഹം അറിയിച്ചു. അത്തരം കേന്ദ്രങ്ങളുടെ വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും.

ഡിസംബറില്‍ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) നടത്തും. ജെ.ഇ.ഇ പരീക്ഷ ജനുവരിയിലും ഏപ്രിലിലുമായി രണ്ട് തവണ നടക്കും. നീറ്റ് പരീക്ഷ ഫെബ്രുവരി, മെയ് മാസങ്ങളിലായിരിക്കും. എന്നാല്‍ ഇക്കൂട്ടത്തില്‍ ജെ.ഇ.ഇ (അഡ്വാന്‍സ്ഡ്) പരീക്ഷ ഐ.ഐ.ടികളുടെ കീഴില്‍ തന്നെയായിരിക്കും നടത്തുക.

കമ്പ്യൂട്ടര്‍ മുഖേന പരീക്ഷ നടത്തി വേഗത്തില്‍ ഫലം പ്രസിദ്ധീകരിക്കും. പരീക്ഷ നടത്തുന്നതിനാല്‍ കോപ്പിയടിക്കും മറ്റ് ക്രമക്കേടുകള്‍ക്കുമുള്ള സാധ്യതകള്‍ ഇല്ലാതാക്കും. ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങളുള്ള സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചാകും ഈ പരീക്ഷകള്‍ നടത്തുക. ഇതുപയോഗിച്ച് കൃത്യസമയത്ത് പരീക്ഷ നടത്താനും സാധിക്കും. പരീക്ഷകളിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയും മറ്റ് ക്രമക്കേടുകളും ഇതോടെ ഇല്ലാതാകുമെന്നും മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

മാത്രമല്ല ഗ്രാമീണ മേഖലയിലെ വിദ്യാര്‍ഥികള്‍ക്കായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) പരീക്ഷ പരിശീലന കേന്ദ്രങ്ങള്‍ ഒരുക്കും. ഇതിനാല്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും പരീക്ഷയ്ക്കു മുന്‍പായുള്ള പരിശീലനത്തിന് അവസരം ലഭിക്കുകയും ചെയ്യും. ഇതിനായി കമ്പ്യൂട്ടര്‍ സെന്ററുകളുള്ള സ്‌കൂളുകള്‍ / എന്‍ജിനീയറിങ് കോളേജുകള്‍ എന്നിവ ഓഗസ്റ്റിലെ മൂന്നാമത്തെ ആഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ഏത് വിദ്യാര്‍ഥിക്കും ഈ സൗകര്യം സൗജന്യമായി ഉപയോഗിക്കാം.

അറിയേണ്ട കാര്യങ്ങള്‍.

1. നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് ഡിസംബറില്‍ നടത്തുമന്നാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചിരിക്കുന്നത്. ജെ.ഇ.ഇ (മെയിന്‍) പരീക്ഷ ജനുവരിയിലും ഏപ്രിലിലും നടത്തും. ഫെബ്രുവരി, മെയ് മാസങ്ങളിലാകും നീറ്റ് പരീക്ഷ ഉണ്ടാകുക.

2. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്കു കീഴില്‍ നടക്കുന്ന ഉന്നത വിദ്യാഭ്യാസ പ്രവേശന പരീക്ഷകളെല്ലാം കമ്പ്യൂട്ടര്‍ അടിസ്ഥാനമാക്കിയുള്ളതാണ്. വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്നോ അല്ലെങ്കില്‍ അംഗീകൃത കമ്പ്യൂട്ടര്‍ കേന്ദ്രങ്ങളിലിരുന്നോ ഇതിന് സൗജന്യ പരിശീലനം നേടാം. അത്തരം കേന്ദ്രങ്ങളുടെ വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും.

3. ഗ്രാമീണ മേഖലയിലെ വിദ്യാര്‍ഥികള്‍ക്കായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) പരീക്ഷ പരിശീലന കേന്ദ്രങ്ങള്‍ ഒരുക്കും. ഇതിനാല്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും പരീക്ഷയ്ക്കു മുന്‍പായുള്ള പരിശീലനത്തിന് അവസരം ലഭിക്കുകയും ചെയ്യും.

4. ഇതിനായി കമ്പ്യൂട്ടര്‍ സെന്ററുകളുള്ള സ്‌കൂളുകള്‍ / എന്‍ജിനീയറിങ് കോളേജുകള്‍ എന്നിവ ഓഗസ്റ്റിലെ മൂന്നാമത്തെ ആഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ഏത് വിദ്യാര്‍ഥിക്കും ഈ സൗകര്യം സൗജന്യമായി ഉപയോഗിക്കാം.

5. നാലോ അഞ്ചോ തീയതി പരീക്ഷയ്ക്കായി നിശ്ചയിക്കും 

6. പരീക്ഷകളുടെ സിലബസ്, ചോദ്യഘടന, ഭാഷ, ഫീസ് എന്നിവയില്‍ മാറ്റമുണ്ടാകില്ല. 

7. വിദ്യാര്‍ഥികള്‍ക്ക് ജെ.ഇ.ഇ (മെയിന്‍) പരീക്ഷ ഒരു തവണയോ രണ്ടു തവണയോ എഴുതാം. 

8. അടുത്ത യു.ജി.സി നെറ്റ് പരീക്ഷ മുതല്‍ ഓണ്‍ലൈനായിട്ടായിരിക്കും (കമ്പ്യൂട്ടര്‍ അടിസ്ഥാനമാക്കി) എല്ലാ പരീക്ഷകളും നടക്കുക.

9. ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങളുള്ള സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചാകും ഈ പരീക്ഷകള്‍ നടത്തുക. രഹസ്യ കോഡുകള്‍ ഉപയോഗിക്കുന്നതിനാല്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെയുള്ള മറ്റ് ക്രമക്കേടുകള്‍ ഇല്ലാതാകും. ഇതുപയോഗിച്ച് കൃത്യസമയത്ത് പരീക്ഷ നടത്താനും സാധിക്കും