ചണ്ഡിഗഢ്:  ബീഫ് കഴിക്കുന്നത് നിര്‍ത്തിയാല്‍ മുസ്‌ലിങ്ങള്‍ക്ക് രാജ്യത്ത് കഴിയാമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടര്‍. പശു ഇവിടെ ഭക്ഷണമല്ല അത് വിശ്വാസത്തിന്റെ ഭാഗമാണെന്ന് ഘട്ടര്‍ പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ബീഫ് കഴിക്കുന്നത് അവസാനിപ്പിച്ചാല്‍ മുസ്‌ലിങ്ങള്‍ക്ക് ഇന്ത്യയില്‍ കഴിയാമെന്ന വിവാദപരാമര്‍ശം അദ്ദേഹം നടത്തിയത്. എന്നാല്‍, മണിക്കൂറുകള്‍ക്കകം തന്നെ ക്ഷമാപണവുമായി അദ്ദേഹം രംഗത്തെത്തി. തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോട് ക്ഷമ പറയാന്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. 

ബീഫ് കഴിക്കുന്നത് അവസാനിപ്പിച്ചാലും മുസ്‌ലിമായി തുടര്‍ന്നു കൂടെ? ഘട്ടര്‍ അഭിമുഖത്തില്‍ ആരായുന്നു. മുസ്‌ലിങ്ങള്‍ ബീഫ് കഴിക്കണമെന്ന് എവിടെയും എഴുതിവച്ചിട്ടില്ല. ക്രിസ്തുമതത്തിലും എഴുതിവച്ചിട്ടില്ല ബീഫ് കഴിക്കണമെന്ന് ഘട്ടര്‍  പറയുന്നു.

പശു, ഗീത, സരസ്വതി എന്നിവ ഭൂരിപക്ഷത്തിന്റെ വിശ്വാസങ്ങളാണ്. ജനങ്ങളുടെ വിശ്വാസം നിലനില്‍ക്കേണ്ടതാണ്. അതിന് ഭംഗം വരാന്‍ പാടില്ല. ദാദ്രി സംഭവം തെറ്റിദ്ധാരണ മൂലം സംഭവിച്ചതാണെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. അവിടെ രണ്ട് വിഭാഗത്തിന്റെ ഭാഗത്തും തെറ്റ് സംഭവിച്ചു. കൊല്ലപ്പെട്ട വ്യക്തി പശുവിനെക്കുറിച്ച് നടത്തിയ ഒരു പരാമര്‍ശമാണ് ആക്രമത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത്.

നിയമനിര്‍മ്മാണത്തിലൂടെ ഗോവധം നിരോധിച്ചിരിക്കുകയാണ് ഹരിയാനയില്‍. അവിടെ ഗോക്കളെ വധിച്ചാല്‍ 10 വര്‍ഷം വരെ ശിക്ഷ കിട്ടാം. ബീഫ് കഴിക്കുന്നത് അഞ്ച് വര്‍ഷം വരെ ജയില്‍ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. പ്രസ്താവന വിവാദമായതോടെ മുഖ്യമന്ത്രി അങ്ങനെ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വിശദീകരണവുമായി രംഗത്തെത്തി. തുടര്‍ന്നാണ് തന്റെ വാക്കുകള്‍ വളച്ചൊടിക്കുയായിരുന്നുവെന്ന വിശദീകരണവുമായി ഘട്ടര്‍തന്നെ രംഗത്തെത്തിയത്. 

ഘട്ടര്‍ ഖേദപ്രകടനം നടത്തിയെന്ന വാര്‍ത്താ ഏജന്‍സി എ.എന്‍.ഐയുടെ ട്വീറ്റ് ചുവടെ.

 

My words have been misconstrued and twisted: Haryana CM ML Khattar on his statement on beef/Muslims pic.twitter.com/xyYpJrkoQv

— ANI (@ANI_news) October 16, 2015