രാജ്‌കോട്ട്: മൊബൈല്‍ ഇന്റര്‍നെറ്റ് വിലക്കിയും കനത്ത സുരക്ഷയുടെ കാവലിലും ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം ഇന്ന് രാജ്‌കോട്ടില്‍. പട്ടേല്‍ വിഭാഗത്തിന് സംവരണം ആവശ്യപ്പെട്ട് ഹര്‍ദിക് പട്ടേലിന്റെ പട്ടീധാര്‍ അനാമത് ആന്ദോളന്‍ സമിതി രാജ്‌കോട്ടിലെ മത്സരം തടസ്സപ്പെടുക്കുമെന്ന ഭീഷണിയെ തുടര്‍ന്നാണ് മുന്‍കരുതല്‍.

രാജ്‌കോട്ട് ജില്ലയില്‍ ശനിയാഴ്ച രാത്രി 10 മണിമുതല്‍ തിങ്കളാഴ്ച രാവിലെ എട്ട് മണിവരെയാണ് മൊബൈല്‍ ഇന്റര്‍നെറ്റിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കളി നടക്കേണ്ട സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്റെ സ്‌റ്റേഡിയത്തിലേക്കുള്ള വഴി തടയുമെന്നും കളിക്കാരെ ഇവിടേക്ക് കടത്തിവിടില്ലെന്നുമാണ് ഹര്‍ദിക് പട്ടേല്‍ ഭീഷണി മുഴക്കിയത്. താനും തന്റെ അനുയായികളും മത്സരത്തിന്റെ ടിക്കറ്റ് എടുത്തിട്ടുണ്ടെന്നും സ്റ്റേഡിയത്തിലേക്ക് തങ്ങള്‍ പോകുമെന്നും അവിടെ അനുയായികളുമായി ചേര്‍ന്ന് പ്രതിഷേധിക്കുമെന്നും ഹര്‍ദിക് പട്ടേല്‍ അറിയിച്ചു.

200 പോലീസുകാരേയും മൂന്നു കമ്പനി സംസ്ഥാന ആര്‍.പി.എഫ് സേനയേയും ഒരു കമ്പനി റാപിഡ് ആക്ഷന്‍ ഫോഴ്‌സിനേയും ക്വിക് റെസ്‌പോണ്‍സ് സെല്‍സിന്റെ ഏഴ് സംഘത്തേയുമാണ് സ്‌റ്റേഡിയത്തിന് അകത്തും പുറത്തുമായി സുരക്ഷയ്ക്കായി വിന്യസിക്കുക. മൂന്നു ഡ്രോണ്‍ കാമറകളും 90 സി.സി.ടി.വികളും സ്‌റ്റേഡിയത്തില്‍ സ്ഥാപിച്ചിട്ടുണ്ട്.