ഗോവയില്‍ ബിജെപിയുടെ കരുത്തു തെളിയിച്ച നേതാവ്, ജനങ്ങളിലേക്കിറങ്ങി പ്രവര്‍ത്തിച്ച രാഷ്ട്രീയക്കാരന്‍.. വിശേഷണങ്ങള്‍ ഏറെയാണ് മനോഹര്‍ പരീക്കര്‍ക്ക്. നാലുതവണ മുഖ്യമന്ത്രിയായിട്ടുള്ള പരീക്കര്‍ ബിജെപിയുടെ സൗമ്യമുഖമായാണ് അറിയപ്പെടുന്നത്. നീണ്ട നാളത്തെ ആശുപത്രി വാസത്തിനൊടുവിലാണ് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ വിടവാങ്ങിയത്. 

പാന്‍ക്രിയാസിലെ അര്‍ബുദബാധയെത്തുടര്‍ന്ന് ഗോവ, മുംബൈ, ഡല്‍ഹി, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ചികിത്സിച്ചുവെങ്കിലും പനാജിനിലെ മകന്റെ വസതിയില്‍ വച്ച് മരണമടയുകയായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി മൂക്കില്‍ ട്യൂബ് ഘടിപ്പിച്ച നിലയിലാണ് പരീക്കര്‍ പൊതുപരിപാടികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. 

ലളിതമായ ജീവിതരീതി കൊണ്ടും കുറ്റമറ്റ നേട്ടങ്ങള്‍ കൊണ്ടും പേരുകേട്ട അപൂര്‍വം രാഷ്ട്രീയ പ്രവര്‍ത്തകരിലൊരാളായിരുന്നു പരീക്കര്‍. ജനങ്ങള്‍ക്കിടയിലേക്ക് മറയില്ലാതെ ഇറങ്ങിച്ചെന്ന് പലപ്പോഴും പ്രവര്‍ത്തിച്ചിരുന്ന പരീക്കറിന്റെ ഇഷ്ട വിനോദങ്ങളിലൊന്നായിരുന്നു സ്‌കൂട്ടറില്‍ സാധാരണക്കാരനായുള്ള യാത്രകള്‍.

PARRIKAR

ദിവസവും പതിനാറു-പതിനെട്ടു മണിക്കൂറോളം ജോലിയില്‍ വ്യാപൃതനായിരിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് താനെന്ന് അദ്ദേഹം മുമ്പു പറഞ്ഞിട്ടുണ്ട്. ക്രിസ്തീയ ഭൂരിപക്ഷ വോട്ടുകളുള്ള സംസ്ഥാനത്തില്‍ ബിജെപിയുടെ ശക്തിയുറപ്പിച്ച മുഖ്യമന്ത്രിയാണ് അദ്ദേഹം.

2014ലെ തെരഞ്ഞെടുപ്പിനു മുമ്പ് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നരേന്ദ്ര മോദിയുടെ പേരു നിര്‍ദേശിച്ചവരില്‍ ഒരാളായിരുന്നു പരീക്കര്‍. മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചപ്പോഴത്തെ മികവും സാങ്കേതിക പശ്ചാത്തലത്തിലുള്ള വൈദഗ്ധ്യവും കണക്കിലെടുത്താണ് 2014ല്‍ പരീക്കറിനെ പ്രതിരോധ മന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെട്ടത്. വൈമുഖ്യത്തോടെയാണ് അദ്ദേഹം തന്റെ സംസ്ഥാനത്തെ വിട്ടു ഡല്‍ഹിയിലേക്ക് തിരിച്ചത്. ഗോവയിലെ ചോറും മത്സ്യവുമൊക്കെ തനിക്ക് മിസ് ചെയ്യുമെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. മൂന്നുവര്‍ഷങ്ങള്‍ക്കു ശേഷം ഗോവയില്‍ മുഖ്യമന്ത്രിയായി തിരികെയെത്തുകയും ചെയ്തു. 

ആര്‍എസ്എസിന്റെ പ്രചാരകനായി രാഷ്ട്രീയത്തിലേക്ക് വളര്‍ന്നു വന്നവരിലൊരാളാണ് പരീക്കര്‍. 1994ല്‍ പനാജി നിയോജകമണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ഥിയായാണ് പരീക്കര്‍ തെരഞ്ഞെടുപ്പില്‍ കാലെടുത്തുവെക്കുന്നത്. നാലുതവണ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദവികള്‍ വഹിച്ചു. 2000 ഒക്ടോബര്‍ 24നാണ് പരീക്കര്‍ ആദ്യമായി ഗോവന്‍ മുഖ്യമന്ത്രി സ്ഥാനം വഹിക്കുന്നത്.  നരേന്ദ്ര മോദി ക്യാബിനറ്റില്‍ മൂന്നുവര്‍ഷത്തോളം പ്രതിരോധമന്ത്രി പദവിയും വഹിച്ചു. ബിജെപിക്ക് അകത്തും പുറത്തുമുള്ളവര്‍ക്കെല്ലാം ഒരുപോലെ സ്വീകാര്യനായ നേതാവായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ്സിന് പ്രാമുഖ്യമുണ്ടായിരുന്ന ഗോവയിലെ രാഷ്ട്രീയ മാറ്റത്തിന് ചുക്കാന്‍ പിടിച്ചവരില്‍ മുന്‍പന്തിയിലാണ് പരീക്കറിന്റെ സ്ഥാനം. 

mANOHAR pARIKAR

കഴിഞ്ഞ സെപ്തംബര്‍ പതിനഞ്ചിനാണ് ന്യൂഡല്‍ഹിയിലെ എയിംസില്‍ പരീക്കറിനെ പ്രവേശിപ്പിക്കുന്നത്. ഒരു മാസത്തെ ചികിത്സയ്ക്കു ശേഷം ഒക്ടോബറില്‍ തിരികെയെത്തിയിരുന്നു. ശേഷം ഇക്കഴിഞ്ഞ ജനുവരി രണ്ടിന് രണ്ടരമാസത്തെ ഇടവേളയ്ക്കു ശേഷം ഔദ്യോഗിക ജോലിയില്‍ പ്രവേശിച്ച് അദ്ദേഹം പലരെയും ഞെട്ടിച്ചു. ജനുവരി ഇരുപത്തിയേഴിന് മന്ദോവി നദിയിലെ മൂന്നാമത്തെ പാലത്തിന്റെ ഉദ്ഘാടന കര്‍മവും നിര്‍വഹിച്ചു. 

ജനുവരി ഇരുപത്തിയൊമ്പതിന് ബജറ്റ് സെഷനില്‍ പങ്കെടുത്ത് തൊട്ടടുത്ത ദിവസം സംസ്ഥാന ബജറ്റും അവതരിപ്പിച്ചു. സെഷന്റെ അവസാന ദിനമായ ജനുവരി 31ന് അദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഫെബ്രുവരി അഞ്ചിന് തിരികെയെത്തുകയും ചെയ്തു. 

അവസാന ദിനങ്ങളില്‍ ഗോവ മെഡിക്കല്‍ കോളേജിലും സ്വകാര്യ ഭവനത്തിലുമായി ചികിത്സയിലായിരുന്നു അദ്ദേഹം. 1978ല്‍ ബോംബെ ഐഐടിയില്‍ നിന്ന് മെറ്റലര്‍ജിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയിട്ടുണ്ട്. ഭാര്യ മേധ ക്യാന്‍സര്‍ രോഗത്തെത്തുടര്‍ന്ന് 2000ത്തില്‍ മരണമടഞ്ഞു. രണ്ട് ആണ്‍മക്കള്‍ ആണുള്ളത്. 

Content Highlights: manohar parrikar death manohar parrikar illness