ന്യൂഡല്‍ഹി: കേന്ദ്രഭരണപ്രദേശമായ ലഡാക്കില്‍ കേന്ദ്രസര്‍വകലാശാല സ്ഥാപിക്കുന്നതിനുള്ള ബില്ല് ലോക്‌സഭ വെള്ളിയാഴ്ച പാസാക്കി. പെഗാസസ് വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തിനിടെയാണ് ലോക്‌സഭ ബില്‍ പാസാക്കിയത്. നിര്‍ദിഷ്ട സര്‍വകലാശാലയ്ക്ക് 'സിന്ധു കേന്ദ്ര സര്‍വകലാശാല' എന്നു പേരു നല്‍കും.
 
ഓരോ വര്‍ഷം 7000-ല്‍ പരം വിദ്യാര്‍ഥികള്‍ ലഡാക്കിനു പുറത്തുപോയാണ് പഠിക്കുന്നത്. കേന്ദ്രസര്‍വകലാശാല ലഡാക്കില്‍ സ്ഥാപിക്കുക വഴി 2500 വിദ്യാര്‍ഥികള്‍ക്ക് അവിടെത്തന്നെ പഠിക്കുന്നതിനു അവസരമാകും-കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

ലഡാക്കില്‍ കേന്ദ്രസര്‍വകലാശാല സ്ഥാപിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ജമ്മു കശ്മീരിനു പ്രത്യേക പരിഗണന നല്‍കുന്ന ഭരണഘടനയിലെ അനുഛേദം 370 റദ്ദാക്കിയതിന്റെ രണ്ടാം വാര്‍ഷികത്തില്‍ ബില്‍ കൊണ്ടുവരാന്‍ കഴിഞ്ഞത് സന്തോഷം നല്‍കുന്ന യാദൃശ്ചികതയാണ്-അദ്ദേഹം പറഞ്ഞു. 
 
അനുച്ഛേദം 370  റദ്ദാക്കിയ നടപടി മുദ്രാവാക്യമല്ല, പ്രതിബദ്ധതയായിരുന്നു. ആ പ്രതിബന്ധതയുടെ കീഴില്‍ ലഡാക്കിനു കേന്ദ്ര ഭരണപ്രദേശമെന്ന പദവി നല്‍കി. 760 കോടി രൂപ ചെലവിട്ട് സിന്ധു കേന്ദ്ര സര്‍വകലാശാലട സ്ഥാപിക്കാന്‍ പോകുന്നു-മന്ത്രി കൂട്ടിച്ചേര്‍ത്തു.
 
ചര്‍ച്ച നടത്തിയ ശേഷം ശബ്ദ വോട്ടോടെ ബില്‍ പാസാക്കുന്നതായി ലോക്‌സഭാധ്യക്ഷന്‍ രാജേന്ദ്ര അഗര്‍വാള്‍ പ്രഖ്യാപിച്ചു. 
 
ലഡാക്കില്‍ നിലവില്‍ കേന്ദ്ര സര്‍വകലാശാല ഇല്ലെന്നും അതില്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ ലഭ്യതയും ഗുണമേന്മയും ഉറപ്പുവരുത്തുന്നതിനു അവിടെ പുതിയ സര്‍വകലാശാല സ്ഥാപിക്കുന്നതിനു സര്‍ക്കാര്‍ തീരുമാനിച്ചതായും ബില്ലിന്റെ ലക്ഷ്യങ്ങളും കാരണങ്ങളും വിവരിക്കുന്ന പ്രസ്താവനയില്‍ പറയുന്നു. ലഡാക്കിലെ ജനങ്ങള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും വഴികള്‍ സുഗമമാക്കാനും പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ കഴിയുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
 
ലഡാക്കിലെ ലേ, കാര്‍ഗില്‍ എന്നിവ ഉള്‍പ്പടെ എല്ലാ പ്രദേശങ്ങളും സര്‍വകലാശാലയുടെ പരിധിയില്‍ വരും. വിദ്യാഭ്യാസ മേഖലയില്‍ ലഡാക്ക് മേഖലയില്‍ നിലനില്‍ക്കുന്ന അസ്ഥിരത സര്‍വകലാശലയുടെ വരവോടെ ഇല്ലാതാകുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. 

Content Highlights: lok sabha passes bill for setting up central university in ladakh