k sankaran nairബെംഗളൂരു: റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് (റോ) വിങ് മുന്‍ മേധാവി കെ.ശങ്കരന്‍ നായര്‍ (94) അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു.ബംഗളൂരുവിലെ മകളോടൊപ്പമായിരുന്നു താമസം. ഉറക്കത്തിലാണ് മരണം സംഭവിച്ചത്. 

1971 ലെ ബംഗ്ലാദേശ് യുദ്ധത്തിലെ ഹീറോയായി അറിയപ്പെടുന്ന ശങ്കരന്‍ നായര്‍ പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ്. 1977 ല്‍ റോയുടെ രണ്ടാമത്തെ മേധാവിയായി ചുമതലയേറ്റ ശങ്കരന്‍ നായര്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് മൂന്ന് മാസത്തിന് ശേഷം രാജിവെച്ചു. 1986 മുതല്‍ 88 വരെ സിംഗപ്പൂരിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 

പാകിസ്താന്‍ സൈന്യത്തെക്കുറിച്ചും രഹസ്യാന്വേഷണ സംവിധാനങ്ങളെക്കുറിച്ചും ഏറെ അറിവുണ്ടായിരുന്ന ശങ്കരന്‍ നായര്‍ ബ്രിട്ടീഷ് ഭരണ സമയത്താണ് പോലീസ് സേനയില്‍ അംഗമാകുന്നത്. 

ബംഗ്ലാദേശിലെ ഒളിപ്പോരാളികളെ സംഘടിപ്പിക്കാനും പരിശീലനം നല്‍കാനും മേല്‍നോട്ടം വഹിച്ചത് ശങ്കരന്‍ നായരാണ്. ബംഗ്ലാദേശ് യുദ്ധകാലത്ത് കേണല്‍ മേനോന്‍ എന്ന പേരിലാണ് ശങ്കരന്‍ നായര്‍ ബംഗ്ലാദേശ് പോരാളികള്‍ക്കിടയില്‍ അറിയപ്പെട്ടത്. 

1980 ല്‍ ഇന്ദിരാഗാന്ധി അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം റോ സംവിധാനം അഴിച്ച് പണിയുന്നതിലും ശക്തിപ്പെടുത്തുന്നതിലും ശങ്കരന്‍ നായര്‍ പ്രധാന പങ്ക് വഹിച്ചു. 

റോയുടേയും ഐ.ബിയുടേയും അണിയറ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന ഇന്‍സൈഡ് ഐ.ബി ആന്‍ഡ് റോ: ദ റോളിംഗ് സ്‌റ്റോണ്‍ ദാറ്റ് ഗാദേര്‍ഡ് മോസ് എന്ന പുസ്തകത്തിന്റെ കര്‍ത്താവാണ്.