ന്യൂഡല്‍ഹി: ഗാന്ധിയനും മലയാളിയുമായ പി.വി. രാജഗോപാലിന് ഇന്ദിരാഗാന്ധി ദേശീയോദ്ഗ്രഥന പുരസ്‌കാരം. വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്യുന്നവര്‍ക്ക് എ.ഐ.സി.സി. നല്‍കുന്നതാണ് ഈ പുരസ്‌കാരം.     പത്തുലക്ഷം രൂപയും ഫലകവുമടങ്ങുന്ന പുരസ്‌കാരം ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനമായ 31ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി സമ്മാനിക്കും. ദേശീയോദ്ഗ്രഥനത്തില്‍ മികച്ച സംഭാവന നല്‍കിയ വ്യക്തിയാണ് രാജഗോപാലെന്ന് പുരസ്‌കാര നിര്‍ണായകസമിതി വിലയിരുത്തി.

കണ്ണൂര്‍ തില്ലങ്കേരി സ്വദേശിയാണ് രാജഗോപാല്‍. അക്രമങ്ങളും അരക്ഷിതാവസ്ഥയും പെരുകുന്നതിനുള്ള കാരണം ഭൂമിയില്ലാത്തതാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ആദിവാസികള്‍ക്കും ദളിതര്‍ക്കും അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ മുന്നിട്ടിറങ്ങി. ഇതിനായി ഏകതാ പരിഷത്ത് എന്ന സംഘടനയും രൂപവത്കരിച്ചു. ആദിവാസികളുടെയും ഭൂരഹിതരുടെയും അവകാശങ്ങള്‍ക്കുവേണ്ടി അദ്ദേഹം നടത്തിയിട്ടുള്ള പദയാത്രാപ്രക്ഷോഭങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. കാല്‍ലക്ഷം പേരെ അണിനിരത്തി ഗ്വാളിയോറില്‍ നിന്ന് ഡല്‍ഹിയിലേക്ക് 2007ല്‍ നടത്തിയ ജനാദേശ് പദയാത്രയെത്തുടര്‍ന്നാണ് ദേശീയ ഭൂപരിഷ്‌കരണകൗണ്‍സില്‍ രൂപവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ദേശീയ ഭൂപരിഷ്‌കരണനയം ആവിഷ്‌കരിക്കുമെന്നും അന്നത്തെ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ ഉറപ്പുനല്‍കി. ഇതു പാലിക്കപ്പെടാത്തതിനാല്‍ 2012ല്‍ അദ്ദേഹം ജനസത്യാഗ്രഹയാത്രയും സംഘടിപ്പിച്ചു. ഈ സമരം ആഗ്രയില്‍ ഒത്തുതീര്‍ന്നു.

ചമ്പല്‍ കൊള്ളക്കാരെ അക്രമത്തില്‍ നിന്ന് ഗാന്ധിയന്‍ പാതയിലേക്ക് പരിവര്‍ത്തനം ചെയ്ത പ്രവര്‍ത്തനങ്ങളിലൂടെയാണ് രാജഗോപാല്‍ ശ്രദ്ധിക്കപ്പെടുന്നത്. ചമ്പല്‍ കൊള്ളക്കാരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാറിനെക്കൊണ്ട് പദ്ധതികള്‍ ആവിഷ്‌കരിപ്പിക്കുന്നതിലും പങ്കുവഹിച്ചു.