ന്യൂഡല്‍ഹി: കാര്‍ബണ്‍ പുറന്തള്ളലിന്റെ തോത് 15 വര്‍ഷത്തിനകം 35 ശതമാനംവരെ കുറയ്ക്കാന്‍ ഇന്ത്യക്കാവുമെന്ന് കേന്ദ്രവനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍. ലോകത്ത് ഏറ്റവുമധികം കാര്‍ബണ്‍ പുറന്തള്ളുന്ന മൂന്നാം രാജ്യമായ ഇന്ത്യ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലക്ഷ്യമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ കാലാവസ്ഥാ ലക്ഷ്യങ്ങള്‍ സമഗ്രവും സന്തുലിതവുമാണ്. നിലവിലെ ആഗോള ശരാശരിയെക്കാളും കുറവായിരിക്കും 2030 ആവുമ്പോള്‍ ഇന്ത്യയുടെ പ്രതിശീര്‍ഷ കാര്‍ബണ്‍ പുറന്തള്ളല്‍. 2030-തോടെ അജൈവ ഇന്ധനങ്ങളില്‍ നിന്നായിരിക്കും രാജ്യം 40 ശതമാനം വൈദ്യുതിയും ഉത്പാദിപ്പിക്കുക. ആഗോള സൗരോര്‍ജ സഖ്യത്തിന് ഇന്ത്യ നേതൃത്വം നല്‍കുമെന്നും ജാവദേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നിലവിലെ വനവിസ്തൃതി കൂട്ടുന്നതടക്കം 2030-ഓടെ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിനുള്ള ലക്ഷ്യം നിറവേറ്റാന്‍ 2,500 കോടി ഡോളര്‍ (1.7 ലക്ഷം കോടി രൂപ) ഇന്ത്യക്ക് ആവശ്യമാണ്. വികസിതരാജ്യങ്ങള്‍ ഭൂമിയെ മലീമസമാക്കുകയാണ്. എങ്കിലും പ്രശ്‌നപരിഹാരത്തില്‍ ഇന്ത്യ ഭാഗഭാക്കാവുകയാണ് - അദ്ദേഹം പറഞ്ഞു.