ന്യൂഡല്‍ഹി: രാജ്യത്ത് വളര്‍ന്നു വരുന്ന അസഹിഷ്ണുതയെ കുറിച്ച് ഏഴു മണിക്കൂര്‍ ലോക്‌സഭയില്‍ നടത്തിയ ചര്‍ച്ചയില്‍ ഇരുപക്ഷവും പലപ്പോഴും ഏറ്റുമുട്ടലിന്റെ വക്കിലെത്തി. സി.പി.എമ്മിലെ മുഹമ്മദ് സലീം തുടങ്ങിവെച്ച ചര്‍ച്ചയില്‍ തുടക്കം മുതലെ ഭരണപക്ഷവും പ്രതിപക്ഷവും ആരോപണ പ്രത്യാരോപണങ്ങള്‍ നടത്താനാണ് ശ്രദ്ധിച്ചത്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ചര്‍ച്ചയ്ക്കു മറുപടി പറഞ്ഞ ശേഷവും സ്പീക്കര്‍ സുമിത്ര മഹാജന്‍, മുലായം സിംഗ് യാദവിനെ സംസാരിക്കാന്‍ അനുവദിച്ചപ്പോള്‍, കോണ്‍ഗ്രസ്, തൃണമൂല്‍, ഇടത് അംഗങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി.

എഴുത്തുകാര്‍ക്കും ബുദ്ധിജീവികള്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും എപ്പോഴും തന്നെ വന്നു കാണാമെന്ന് ആഭ്യന്തരമന്ത്രി വാഗ്ദാനം ചെയ്തു. ഏതു വിഷയവും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണ്. ചില കാര്യങ്ങളില്‍ സര്‍ക്കാര്‍ അസഹിഷ്ണുക്കളാണ്. ഭീകരവാദം, മാലിന്യം, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തുടങ്ങിയവയാണ് അവ. വി.കെ. സിംഗിനെ കുറിച്ച് എപ്പോഴും പറയുന്ന പ്രതിപക്ഷം, ഇത്തരം കാര്യങ്ങളില്‍ മുമ്പെപ്പോഴെങ്കിലും അക്കാലത്തെ പ്രധാനമന്ത്രിമാര്‍ മറുപടി പറഞ്ഞിട്ടുണ്ടോ എന്നു വ്യക്തമാക്കണം.

ദാദ്രി സംഭവം ഉണ്ടായ ഉടന്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ചോദിച്ചു. യു.പി. സര്‍ക്കാര്‍ നല്‍കിയ മറുപടിയില്‍ ബീഫ് എന്നോ വര്‍ഗീയതയെന്നോ വാക്കുകളില്ലായിരുന്നു. അസഹിഷ്ണുതയുടെ ഏറ്റവും വലിയ ഇര പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ജനവിധിയില്‍ അസഹിഷ്ണുത കാണിക്കരുത്. രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഇന്ന് രാജ്യത്ത് പ്രതിഷേധമെന്നാല്‍ രാജ്യദ്രോഹമെന്നാണ് വ്യാഖ്യാനിക്കപ്പെടുന്നതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ദളിത് കുട്ടികളെ പട്ടികളോടുപമിച്ച മന്ത്രി വി.കെ. സിംഗ് ഭരണഘടനയെ വെല്ലുവിളിക്കുകയാണ്. പാര്‍ലമെന്റില്‍ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നമ്മളെല്ലാം പ്രതിജ്ഞാബദ്ധരാവുമ്പോള്‍ എവിടെ വി.കെ. സിംഗ്? രാഹുലിന്റെ ചോദ്യം ഭരണപക്ഷത്തെ ഏറെ നേരം പ്രകോപിപ്പിച്ചു. വളരെ പണിപ്പെട്ടാണ് സ്പീക്കര്‍ സഭ നിശബ്ദമാക്കിയത്.

രാജ്യത്ത് ഒരു മുസ്ലിം വൃദ്ധന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു. അദ്ദേഹത്തെ സംരക്ഷിക്കാന്‍ ബാധ്യസ്ഥനായിരുന്ന പ്രധാനമന്ത്രി ഒന്നും മിണ്ടിയില്ല. ഭരണഘടനയെ വെല്ലുവിളിച്ച വി.കെ. സിംഗിനെ മന്ത്രിയായി തുടരാന്‍ അനുവദിക്കുകയും ചെയ്തു. ഗുജറാത്തില്‍ എന്താണു സംഭവിച്ചത്? ഗുജറാത്ത് മോഡല്‍ ബലൂണ്‍ പോലെ പൊട്ടിയപ്പോള്‍ പട്ടേലുമാരുടെ കലാപമാണ് നടന്നത്.  പ്രതിഷേധങ്ങള്‍ ഉണ്ടാക്കപ്പട്ടതെന്നാണ് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞത്. നിങ്ങളുടെ മെയ്ക് ഇന്‍ ഇന്ത്യ പോലെ ഇതൊരു സ്വപ്‌നമല്ല, യാഥാര്‍ത്ഥ്യമാണ്. രാഹുല്‍ പറഞ്ഞു. 

ഇന്ത്യയില്‍ മുസ്ലിമായി ജനിക്കുന്നതിനേക്കാള്‍ നല്ലത് പശുവായി ജനിക്കുന്നതാണെന്ന്, ചര്‍ച്ചയില്‍ പങ്കെടുത്ത ശശി തരൂര്‍ പറഞ്ഞു. വിദേശ മാധ്യമങ്ങള്‍ പോലും രാജ്യത്തെ അസഹിഷ്ണുത ചര്‍ച്ച ചെയ്യുന്നു. ഇന്ത്യയ്‌ക്കേറ്റ വലിയ അടിയാണിത്. മെയ്ക് ഇന്‍ ഇന്ത്യ എന്നു വിദേശത്തു പോയി പറയുമ്പോള്‍ ഹെയ്റ്റ് ഇന്‍ ഇന്ത്യയാണ് ഇവിടത്തെ അവസ്ഥയെന്ന് പ്രധാനമന്ത്രി ഓര്‍ക്കണം. തരൂര്‍ പറഞ്ഞു.

കേരളത്തില്‍നിന്ന് എന്‍.കെ. പ്രേമചന്ദ്രന്‍, സി.എന്‍. ജയദേവന്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രകോപനപരമായി സംസാരിക്കരുതെന്ന് ബി.ജെ.പി. എം.പിമാര്‍ക്ക് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.