ന്യൂഡല്‍ഹി: കേന്ദ്രത്തിലും പശ്ചിമ ബംഗാളിലുമടക്കം ബി.ജെ.പിയെ നേരിടുന്നതിന് കോണ്‍ഗ്രസുമായി സി.പി.എമ്മും ഇടതുപക്ഷവും കൈകോര്‍ക്കണമെന്ന മുന്‍ ലോക്‌സഭാ സ്​പീക്കറും മാര്‍ക്‌സിസ്റ്റ് നേതാവുമായ സോമനാഥ് ചാറ്റര്‍ജി. നിലപാടിനെ തള്ളിക്കളയാതെ ഇടതുപാര്‍ട്ടികള്‍.

കോണ്‍ഗ്രസുമായി ചേര്‍ന്ന് കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ സി.പി.എം മന്ത്രിസഭയില്‍ ചേരണം. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ യു.പി.എ മന്ത്രിസഭയില്‍ ചേരേണ്ടെന്ന അന്നത്തെ സി.പി. എം നേതൃത്വത്തിന്റെ തീരുമാനം മണ്ടത്തരമായിരുന്നുവെന്നും ചാറ്റര്‍ജി അഭിപ്രായപ്പെട്ടിട്ടുണ്ട്.

കോണ്‍ഗ്രസുമായി ധാരണ തള്ളിക്കളയാന്‍ പറ്റില്ലെന്ന് ബംഗാള്‍ ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ ഫോര്‍വേഡ് ബ്ലോക്ക് ചൂണ്ടിക്കാട്ടുന്നു. വടക്കന്‍ബംഗാളില്‍ കോണ്‍ഗ്രസുമായി സീറ്റുധാരണയുണ്ടാക്കിയാല്‍ മമതയെ തളയ്ക്കാന്‍ പറ്റുമെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയസെക്രട്ടറി ജി. ദേവരാജന്‍ അഭിപ്രായപ്പെട്ടു. മാല്‍ഡ, മുര്‍ഷിദാബാദ് തുടങ്ങിയ ജില്ലകളില്‍ കോണ്‍ഗ്രസിന് നിര്‍ണായകസ്വാധീനമുണ്ട്.

അതേസമയം, കോണ്‍ഗ്രസുമായി മുന്നണിയെന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ആര്‍.എസ്.പി ദേശീയ സെക്രട്ടേറിയറ്റംഗം മനോജ് ഭട്ടാചാര്യ പ്രതികരിച്ചു. ഇപ്പോള്‍ ഒരു നീക്കുപോക്കിനും സാധ്യതയില്ലെന്നു പറഞ്ഞ മനോജ്, സീറ്റുധാരണയില്‍ മത്സരിക്കുന്നത് തള്ളിക്കളയാന്‍ പറ്റില്ലെന്ന് സൂചിപ്പിച്ചു.

കേന്ദ്രത്തിലും ബംഗാളിലും അധികാരത്തിലുള്ള കക്ഷികളെ പുറത്താക്കുന്നതിന് കോണ്‍ഗ്രസും സി. പി.എമ്മും മറ്റ് ഇടതുപാര്‍ട്ടികളും മതേതര മുന്നണിയുണ്ടാക്കണമെന്നാണ് സോമനാഥ് ചാറ്റര്‍ജി അഭിപ്രായപ്പെട്ടിട്ടുള്ളത്. അതേസമയം, കേരളത്തില്‍ കോണ്‍ഗ്രസ് സി.പി.എമ്മിന്റെ എതിരാളിയെന്ന നിലയ്ക്ക് ആ സാഹചര്യവും കണക്കിലെടുക്കണമെന്ന് അദ്ദേഹം പറയുന്നു.