ചെന്നൈ: കാലാവസ്ഥാ പ്രവചനവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വിശ്വസിക്കരുതെന്ന് കലാവാസ്ഥ നിരീക്ഷണ കേന്ദ്രം. ചെന്നൈയില്‍ വീണ്ടും കനത്ത മഴ പെയ്യുമെന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഞായറാഴ്ച മുതലാണ് വാട്‌സ് ആപ് ഗ്രൂപ്പുകളിലും സാമൂഹ്യ മാധ്യമങ്ങളിലും തെറ്റായ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്.

കാലാവസ്ഥാ നിരീക്ഷണത്തിന് കൃത്യമായ സംവിധാനങ്ങളുണ്ടെന്നും കലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന അറിയിപ്പുകള്‍ മാത്രം സ്വീകരിച്ചാല്‍ മതിയെന്നും ദക്ഷിണ മേഖല ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ എസ്.ബി. തമ്പി പറഞ്ഞു. ജനങ്ങളില്‍ ഭീതി പടര്‍ത്തുന്ന ഇത്തരം സന്ദേശങ്ങള്‍ കൈമാറുന്നത് കുറ്റകരമാണ്. നാസ (നാഷനല്‍ എയറനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍) ഇന്ത്യയില്‍ കാലാവസ്ഥാ പ്രവചനം നടത്താറില്ലെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത 72 മണിക്കൂറിനുള്ളില്‍ ചെന്നൈയില്‍ കനത്ത മഴപെയ്യുമെന്ന വ്യാജസന്ദേശമാണ് പ്രചരിക്കുന്നത്. എല്‍ നിനോ ചുഴലിക്കാറ്റിന് സാധ്യയുണ്ടെന്നും ഇതു മൂലം ചെന്നൈ വീണ്ടും പ്രളയ മേഖലയാകുമെന്നും വ്യാജ സന്ദേശത്തില്‍ പറയുന്നു. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മുന്നറിപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സന്ദേശം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.