ചെന്നൈ: മദ്രാസ് ഹൈക്കോടതിയുടെ സംരക്ഷണം കേന്ദ്ര വ്യവസായ സുരക്ഷാ സേന (സി.ഐ.എസ്.എഫ്.) ഏറ്റെടുത്തു. 400 പേരടങ്ങുന്ന സി.ഐ.എസ്.എഫ്. സംഘമാണ് ഹൈക്കോടതിയുടെ സംരക്ഷണം സംസ്ഥാന പോലീസില്‍നിന്ന് ഏറ്റെടുത്തത്. 650 സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരെ സുരക്ഷാ നടപടികള്‍ക്കായി നിയോഗിച്ചു. ഇവരില്‍ 250 പേര്‍ ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി അവിടെയാണ്.

ഹൈക്കോടതി പരിസരത്ത് അഭിഭാഷകര്‍ അതിക്രമങ്ങള്‍ കാട്ടിയതിനെത്തുടര്‍ന്നാണ് സുരക്ഷാചുമതല സംസ്ഥാന പോലീസില്‍ നിന്ന് സി.ഐ.എസ്.എഫിന് കൈമാറിക്കൊണ്ട് ചീഫ് ജസ്റ്റിസ് ഒക്ടോബറില്‍ ഉത്തരവായത്.

അഭിഭാഷകരെയും കക്ഷികളെയും ശരീര പരിശോധന നടത്തിയശേഷമാണ് ഹൈക്കോടതിക്കുള്ളിലേക്ക് പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ആദ്യ ദിനമായതിനാല്‍ സി.ഐ.എസ്.എഫിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിന് ജസ്റ്റിസുമാരായ ആര്‍. സുധാകറും കെ.കെ. ശശിധരനും എത്തിയിരുന്നു. രാവിലെ ഹൈക്കോടതിയില്‍ എത്തിയ ചീഫ് ജസ്റ്റിസ് എസ്.കെ. കൗളിനെ സി.ഐ.എസ്.എഫുകാര്‍ ആചാരപൂര്‍വം സ്വീകരിച്ചു.

അഭിഭാഷകര്‍ക്കും കക്ഷികള്‍ക്കും നല്‍കേണ്ട കാര്‍ഡുകള്‍ സ്വതന്ത്ര ഏജന്‍സിയാണ് തയ്യാറാക്കുന്നത്. ഈ കാര്‍ഡുകള്‍ ലഭ്യമാവുന്നതുവരെ ബാര്‍ കൗണ്‍സില്‍ നല്‍കുന്ന കാര്‍ഡുകളുടെ അടിസ്ഥാനത്തിലായിരിക്കും അഭിഭാഷകരുടെ പ്രവേശനം.

അഭിഭാഷകര്‍ക്ക് രണ്ടു പ്രവേശന കവാടങ്ങള്‍ ഉണ്ടായിരിക്കും. 400 അഭിഭാഷകര്‍ക്കാണ് വാഹനങ്ങള്‍ കോടതിയുടെ ഉള്ളിലേക്ക് കൊണ്ടുവരാനാവുക. ഏത് കോടതിയിലാണോ കേസ് നടക്കുന്നത് അവിടേക്ക് മാത്രമായിരിക്കും കക്ഷികള്‍ക്ക് പ്രവേശനം. സി.ഐ.എസ്.എഫ്. സംരക്ഷണവുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ സംസ്ഥാന പോലീസിന്റെ ഭാഗത്തുനിന്ന് ആത്മാര്‍ഥമായ സഹകരണമാണ് ലഭിക്കുന്നതെന്ന് ഹൈക്കോടതി വൃത്തങ്ങള്‍ പറഞ്ഞു.