ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയത്തിന് സുപ്രീം കോടതിയുടെ അംഗീകാരം. ചോദ്യം ചെയ്ത് ബാറുടമകള്‍ നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് നല്‍കിയാല്‍ മതിയെന്ന സര്‍ക്കാര്‍ നയത്തിനെതിരെയുള്ള ഹര്‍ജികളില്‍ ജസ്റ്റിസുമാരായ വിക്രംജിത്ത് സെന്‍, ശിവകീര്‍ത്തി സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. ബാര്‍ ഉടമകളുടെ എല്ലാ വാദങ്ങളും തള്ളിയ കോടതി സര്‍ക്കാരിന്റെ വാദങ്ങളെല്ലാം അംഗീകരിക്കുകയും ചെയ്തു.

പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ അനുവദിച്ചത് വിവേചനമാണെന്നാണ് ബാറുടമകള്‍ വാദിച്ചത്. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയുടെ ലംഘനമാണിതെന്നും അവര്‍ വാദിച്ചു. എന്നാല്‍ മദ്യത്തിന്റെ ലഭ്യത ഘട്ടംഘട്ടമായി കുറച്ചുകൊണ്ട് സമ്പൂര്‍ണ നിരോധനത്തിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായാണ് ലൈസന്‍സുകള്‍ പരിമിതപ്പെടുത്തിയതെന്നായിരുന്നു സര്‍ക്കാറിന്റെ വാദം. ബിവറേജസ് വഴി സര്‍ക്കാര്‍തന്നെ മദ്യം വില്‍ക്കുന്നത് ബാറുടമകള്‍ ചൂണ്ടിക്കാട്ടി. വിനോദസഞ്ചാര മേഖലയെ പരിഗണിച്ചുകൊണ്ടാണ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നിലനിര്‍ത്തിയതെന്ന് സര്‍ക്കാറിന്റെ വാദം കോടതി അംഗീകരിച്ചു.

മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ, അറ്റോര്‍ണി ജനറല്‍ മുകുല്‍ റോഹ്തഗി അടക്കം പ്രമുഖരുടെ നിരയാണ് ബാറുടമകള്‍ക്ക് വേണ്ടി ഹാജരായത്. സംസ്ഥാന സര്‍ക്കാറിനുവേണ്ടി കപില്‍ സിബലും വി. ഗിരിയും ഹാജരായി. സംസ്ഥാനത്തിന്റെ മദ്യനയം ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ബെഞ്ചും ശരിവച്ചതോടെയാണ് ബാറുടമകള്‍ സുപ്രീം കോടതിയെ സമീപിച്ചത്. മദ്യനയം പ്രകടനപത്രികയുടെ ഭാഗമായിരുന്നെന്ന് ചൂണ്ടിക്കാട്ടി ടി.എന്‍. പ്രതാപന്‍ എം.എല്‍.എയും കേസില്‍ കക്ഷിചേര്‍ന്നിരുന്നു.

സര്‍ക്കാര്‍ പുനര്‍വിചിന്തനം നടത്തണമെന്ന് ബാര്‍ ഉടമകള്‍

ബാര്‍ കേസ് ഇതുവരെ