ന്യൂഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ ഉദ്യോഗസ്ഥനെതിരെ ലൈംഗിക ആരോപണവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ മകന് ടീമില്‍ ഇടം നല്‍കാനായി അദ്ദേഹത്തിന്റെ ഭാര്യയോട് വീട്ടിലേക്ക് വരാനായി ആവശ്യപ്പെട്ടെന്നാണ് ആരോപണം. മാധ്യമപ്രവര്‍ത്തകന്‍ തന്നോട് ഇക്കാര്യം പറഞ്ഞതായി എന്‍.ഡി.ടി.വി.ക്ക് നല്‍കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രി വെളിപ്പെടുത്തി.
ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുത്തെങ്കിലും മകന്റെ പേര് അന്തിമ പട്ടികയിലുണ്ടായിരുന്നില്ലെന്നാണ് മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞത്. ഡി.ഡി.സി.എ. ഉദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകന്റെ ഭാര്യയെ ഫോണില്‍വിളിച്ച് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഭാര്യ വീട്ടിലേക്ക് വന്നാല്‍ മകന് ടീമില്‍ ഇടം നല്‍കാമെന്ന് ഉദ്യേഗസ്ഥന്‍ പറഞ്ഞതായാണ് ആരോപണം.
ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിയില്‍ തന്റെ സര്‍ക്കാറിന് യാതൊരു പങ്കുമില്ല. സി.ബി.ഐ.യെ ഭയമില്ല. ഏത് അന്വേഷണവും നടത്തിക്കോട്ടെ - മുഖ്യമന്ത്രി പറഞ്ഞു.
മധ്യപ്രദേശിലെ വ്യാപം കുംഭകോണത്തില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് തന്റെ ഓഫീസില്‍ സി.ബി.ഐ. റെയ്ഡ് നടത്തിയത്. ആരെങ്കിലും ഡി.ഡി.സി.എ. അഴിമതിക്കെതിരെ സംസാരിച്ചാല്‍ അത് തനിക്ക് അപകീര്‍ത്തിയായെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറയുമെന്നും കെജ്രിവാള്‍ ചൂണ്ടിക്കാട്ടി.