അഹമ്മദാബാദ്: ഗുജറാത്തില്‍ കഴിഞ്ഞ ആഗസ്തില്‍ പട്ടേല്‍ സംവരണ സമരക്കാര്‍ക്കുനേരേയുണ്ടായ വെടിവെപ്പില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മെഹ്‌സാന ജില്ലയിലെ മൊധേര സ്വദേശിയായ മയൂര്‍ പട്ടേല്‍(22) ആണ് മരിച്ചത്. ഇതേത്തുടര്‍ന്ന് ബി.ജെ.പി. ഓഫീസിനുനേരേ അക്രമമുണ്ടായി.

ആഗസ്ത് 26-ന് മൊധേരയില്‍ അക്രമാസക്തരായ പട്ടേല്‍ പ്രക്ഷോഭകര്‍ക്കുനേരേ പോലീസ് നടത്തിയ വെടിവെപ്പിലാണ് മയൂര്‍ പട്ടേലിന് കഴുത്തില്‍ വെടിയേറ്റത്. 122 ദിവസമായി അഹമ്മദാബാദിലെ ആസ്​പത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. വെള്ളിയാഴ്ചയാണ് മരിച്ചത്. എം.ബി.എ.ക്കാരനായ മയൂര്‍ തൊഴില്‍രഹിതനാണ്. ഇതോടെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട പോലീസ് നടപടികളില്‍ മരിച്ച പട്ടേലുമാരുടെ എണ്ണം ഒമ്പതായി.

ആഗസ്ത് 25-ന് അഹമ്മദാബാദില്‍ പട്ടേല്‍റാലിയില്‍നിന്ന് കണ്‍വീനര്‍ ഹര്‍ദിക് പട്ടേലിനെ കസ്റ്റഡിയിലെടുത്തതിനെത്തുടര്‍ന്നാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. സംഘര്‍ഷത്തിന്റെ പ്രധാന കേന്ദ്രമായ മെഹ്‌സാനയില്‍ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശക്തമായ മുന്നേറ്റമുണ്ടാക്കിയിരുന്നു. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും പല പ്രമുഖ ബി.ജെ.പി. നേതാക്കളുടെയും ജന്മദേശമാണ് മെഹ്‌സാന ജില്ല.
ശവസംസ്‌കാരംനടന്ന ശനിയാഴ്ച മെഹ്‌സാനയിലും മൊധേരയിലും ഹര്‍ത്താല്‍ ആചരിച്ചു. ബി.ജെ.പി. ഓഫീസിന് കല്ലെറിഞ്ഞ ഏഴു പേരെ പോലീസ് അറസ്റ്റുചെയ്തു. മൂന്നുകമ്പനി റിസര്‍വ് പോലീസിനെ വിന്യസിച്ചിട്ടുണ്ട്. വെടിവെപ്പ് നടത്തിയ പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ മുഖ്യമന്ത്രിയെ മെഹ്‌സാനയില്‍ തടയുമെന്ന് പട്ടേല്‍ പ്രക്ഷോഭകര്‍ പ്രഖ്യാപിച്ചു.

സമിതി കണ്‍വീനര്‍ ഹര്‍ദിക് പട്ടേലിനെയും മറ്റ് മുഖ്യ നേതാക്കളെയും രാജ്യദ്രോഹകുറ്റംചുമത്തി സപ്തംബര്‍ 20 മുതല്‍ ജയിലിലിട്ടിരിക്കയാണ്. ഹര്‍ദിക്കിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസംബര്‍ 21 മുതല്‍ അഹമ്മദാബാദ് സബര്‍മതി ഗാന്ധി ആശ്രമത്തിനുമുന്നിലും വിവിധ ജില്ലാ ആസ്ഥാനങ്ങളിലും നടത്താനിരുന്ന നിരാഹാര സമരത്തിന് പോലീസ് അനുമതി നല്‍കിയില്ല. ഇതേത്തുടര്‍ന്ന് രേഷ്മ പട്ടേല്‍ എന്ന വനിത അഹമ്മദാബാദ് വെജല്‍പുരിലെയും നിഖില്‍ സവാനി എന്ന പ്രവര്‍ത്തകന്‍ സൂറത്തിലെയും അവരവരുടെ വീടുകളില്‍ നിരാഹാരം നടത്തിവരികയാണ്.