ന്യൂഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. അന്വേഷണ സമിതിയുടെ അധ്യക്ഷനാകണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യത്തിന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കത്തയച്ചു.
വ്യാജകമ്പനികള്‍ ഉണ്ടാക്കി ഡി.ഡി.സി.എ. കോടികളുടെ തട്ടിപ്പുനടത്തിയെന്ന് നേരത്തേ ബി.ജെ.പി. എം.പി. കീര്‍ത്തി ആസാദ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി.
ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ ഇടപെടല്‍ ഇല്ലാതെനോക്കുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ഡി.ഡി.സി.എ.യുടെ അന്വേഷണത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്രകുമാറിനെ സി.ബി.ഐ. ഭീഷണിപ്പെടുത്തുകയാണ്. ഡി.ഡി.സി.എ.യുമായി ബന്ധപ്പെട്ട ഫയലുകള്‍ ആം ആദ്മി സര്‍ക്കാറിന് നല്‍കിയ ഉദ്യോഗസ്ഥന്‍ ആരാണെന്ന് വെളിപ്പെടുത്തണമെന്നും ഇല്ലെങ്കില്‍ ഉദ്യോഗംതന്നെ ഇല്ലാതാക്കുമെന്നും അദ്ദേഹത്തോട് പറഞ്ഞതായി സിസോദിയ ആരോപിച്ചു. ഒരു കേന്ദ്രമന്ത്രി ഡി.ഡി.സി.എ. ഉദ്യോഗസ്ഥനോട് ലെഫ്റ്റനന്റ് ഗവര്‍ണര്‍വഴി അന്വേഷണം നടത്തി കേസില്‍പെടുത്തുമെന്ന് പറഞ്ഞതായും ആരോപണമുണ്ട്. ഇക്കാര്യം വെളിപ്പെടുത്തുന്ന ഫയലും ഡല്‍ഹി സര്‍ക്കാറിന്റെ വസ്തുതാപഠനസമിതിക്ക് കൈമാറിയതിലുണ്ട്.
രാജേന്ദ്രകുമാറിനെതിരായ അന്വേഷണം വെറുതെയാണെന്നും കെജ്രിവാളും സിസോദിയയുമാണ് സി.ബി.ഐ.യുടെ ലക്ഷ്യമെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു. രാജേന്ദ്രകുമാറിനെ ചോദ്യംചെയ്യുന്നതിന് സര്‍ക്കാര്‍ എതിരല്ല. എന്നാല്‍, ക്രിക്കറ്റ് അസോസിയേഷന്റെ അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചാല്‍ അത് നടക്കില്ല. അഴിമതിയുണ്ടെങ്കില്‍ അതിന് കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സിസോദിയ പറഞ്ഞു.