kcന്യൂഡല്‍ഹി: ആര്‍.ശങ്കര്‍ പ്രതിമാ അനാവരണച്ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയതിനു പിന്നിലെ ശക്തി ആരായിരുന്നുവെന്നത് പ്രധാനമന്ത്രിയുടെ കൊല്ലത്തെ പ്രസംഗത്തോടെ വ്യക്തമായെന്ന് കെ.സി. വേണുഗോപാല്‍ എം.പി. പ്രസ്താവിച്ചു. ബി.ജെ.പി. സമ്മേളനത്തില്‍പ്പോലും നടത്താത്തത്ര തീവ്രരാഷ്ട്രീയ പ്രസംഗം നടത്താന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യം തടസ്സമാകുമെന്നു കണ്ടാണ് അദ്ദേഹത്തെ ഒഴിവാക്കിയത്.
 
കോണ്‍ഗ്രസ് നേതാവായിരുന്നു ശങ്കറിന്റെ പേരിലുള്ള വേദി ഉപയോഗിച്ച് അദ്ദേഹത്തെയും മന്നത്ത് പദ്മനാഭനെയും കാവിവത്കരിക്കാന്‍ നടത്തിയ ശ്രമം കടുത്ത അനീതിയാണ് - വേണുഗോപാല്‍ പറഞ്ഞു.
 
മുന്‍ പ്രധാനമന്ത്രിമാരെയും പാര്‍ലമെന്റിനെയും പാര്‍ലമെന്റ് അംഗങ്ങളെയും അവഹേളിക്കാനാണ് മോദി ശ്രമിച്ചത്. പത്തുകൊല്ലം പ്രധാനമന്ത്രിയായിരുന്ന ഏതു നേതാവിനെയാണ് ജനങ്ങള്‍ മറന്നതെന്ന് മോദി വ്യക്തമാക്കണം.
 
ശബരിമല വികസനത്തെക്കുറിച്ച് വാചാലനാകുന്ന പ്രധാനമന്ത്രി, 21 ദേശീയ തീര്‍ഥാടന കേന്ദ്രങ്ങള്‍ അനുവദിച്ചപ്പോള്‍ ശബരിമലയെ മറന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.