ന്യൂഡല്‍ഹി: രണ്ടുപേര്‍ അറസ്റ്റിലായ ചാരക്കേസില്‍ പാക് സ്ഥാനപതികാര്യാലയത്തിലെ ജീവനക്കാരന്റെ പങ്കും ഡല്‍ഹി പോലീസ് അന്വേഷിക്കുന്നു. പാക് ചാരസംഘടന ഐ.എസ്.ഐ.ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന കശ്മീര്‍ സ്വദേശി കഫായത്തുള്ളയെയും ഇയാളുടെ ബന്ധു ബി.എസ്.എഫ്. ഹെഡ്‌കോണ്‍സ്റ്റബിള്‍ അബ്ദുള്‍ റഷീദിനെയും കഴിഞ്ഞദിവസം ഡല്‍ഹി പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇവരെ ഡിസംബര്‍ ഏഴുവരെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു.

ഐ.എസ്.ഐ. ഘടകങ്ങളുമായി കഫായത്തുള്ളയ്ക്ക് ബന്ധമുണ്ടെന്ന് ഡല്‍ഹി പോലീസ് ജോയന്റ് കമ്മിഷണര്‍ (ക്രൈം) രവീന്ദ്ര യാദവ് പറഞ്ഞു. പാകിസ്താന്‍ വിസ ലഭിക്കാന്‍ ഡല്‍ഹിയിലെ പാക് സ്ഥാനപതികാര്യാലയത്തിലെ ജീവനക്കാരന്‍ സഹായിക്കുമെന്ന് ഐ.എസ്.ഐ. വൃത്തങ്ങള്‍ കഫായത്തുള്ളയോട് പറഞ്ഞിരുന്നുവെന്നും യാദവ് അറിയിച്ചു.
കഫായത്തുള്ളയെ സഹായിക്കുമെന്നുപറഞ്ഞ ജീവനക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല. എന്നാല്‍, നയതന്ത്രജ്ഞന്റെ പദവയിലുള്ളയാളല്ലെന്നാണ് പോലീസ് കരുതുന്നത്. അറസ്റ്റിലായവരെ കൂടുതല്‍ ചോദ്യംചെയ്യുന്നതോടെ ഇതുസംബന്ധിച്ച വിവരം ലഭിച്ചേക്കും. അങ്ങനെവന്നാല്‍ പാക് സ്ഥാനപതികാര്യാലയത്തിലെ ജീവനക്കാരെ ചോദ്യംചെയ്യാന്‍ വിദേശമന്ത്രാലയത്തിന്റെ അനുമതിതേടുമെന്നും യാദവ് അറിയിച്ചു.

രഹസ്യവിവരം നല്‍കുന്നതിന് വന്‍തുക നല്‍കാമെന്നാണ് പാകിസ്താനില്‍നിന്ന് അറിയിച്ചതെന്ന് കഫായത്തുള്ള പോലിസിനോട് പറഞ്ഞിരുന്നു. വിവരങ്ങള്‍ നല്‍കാന്‍ തുടങ്ങിയതോടെ പ്രതിമാസം 20,000 രൂപവീതം കഫായത്തുള്ളയ്ക്ക് ലഭിച്ചിരുന്നു. യു.എ.ഇ., സൗദി അറേബ്യ എന്നിവിടങ്ങളില്‍നിന്നാണ് പണം അയച്ചിരുന്നത്. ചാരന്മാര്‍ക്ക് നല്‍കുന്നതിനായി ഗള്‍ഫ് രാജ്യങ്ങള്‍ വഴി പാകിസ്താനില്‍നിന്ന് ഇന്ത്യയിലേക്ക് പണമെത്തിച്ച രീതിയും അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.