ന്യൂഡല്‍ഹി: അസഹിഷ്ണുതാ പ്രശ്‌നം പാര്‍ലമെന്റില്‍ വരുംദിനങ്ങളില്‍ സര്‍ക്കാറിന് കടുത്ത പരീക്ഷണമാകും. ഈ വിഷയത്തില്‍ ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷം ചര്‍ച്ചയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. വിലക്കയറ്റം, കേന്ദ്രമന്ത്രിമാര്‍ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങള്‍ എന്നിവയെച്ചൊല്ലിയും സഭ പ്രക്ഷുബ്ധമാകും.

ഭരണഘടനയോടുള്ള പ്രതിബദ്ധതയെക്കുറിച്ചുള്ള ചര്‍ച്ചയാണ് ശീതകാലസമ്മേളനത്തിന്റെ ആദ്യ രണ്ടു ദിവസങ്ങളില്‍ പാര്‍ലമെന്റില്‍ നടന്നത്. പ്രതിപക്ഷവും ഇതിനോടു സഹകരിച്ചതിനാല്‍ സമ്മേളനം ശാന്തമായി മുന്നോട്ടുപോയി. രാജ്യസഭയില്‍ തിങ്കളാഴ്ചയും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയും സര്‍ക്കാറിന്റെ മറുപടിയുമായിരിക്കും. അതിനാല്‍ അസഹിഷ്ണുതാ പ്രശ്‌നം തിങ്കളാഴ്ച രാജ്യസഭ പരിഗണിക്കില്ല.

ലോക്‌സഭയില്‍ അസഹിഷ്ണുതാ പ്രശ്‌നത്തില്‍ ചര്‍ച്ചയാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഡെപ്യൂട്ടി ചീഫ് വിപ്പ് കെ.സി.വേണുഗോപാല്‍, സി.പി.എം. കക്ഷിനേതാവ് പി.കരുണാകരന്‍ എന്നിവര്‍ നോട്ടീസ് നല്‍കി. തിങ്കളാഴ്ചത്തെ സഭാനടപടികളില്‍ ഇതുള്‍പ്പെടുത്തി. വിഷയം തുടക്കത്തില്‍ത്തന്നെ ചര്‍ച്ചയ്‌ക്കെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. ഇതിന് സര്‍ക്കാര്‍ വഴങ്ങാനാണു സാധ്യത.

വോട്ടിങ്ങില്ലാത്ത ചര്‍ച്ചയ്ക്കാണ് ലോക്‌സഭയില്‍ കോണ്‍ഗ്രസ്സും സി.പി.എമ്മും നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്‍.ഡി.എ.ക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിലായിരിക്കും അസഹിഷ്ണുതാ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത വെല്ലുവിളി നേരിടുക. വോട്ടെടുപ്പുള്ള പ്രമേയത്തിനാണ് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നോട്ടീസ് നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ്, ജെ.ഡി.യു. എന്നിവരും രാജ്യസഭയില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ നിലപാട് ആശ്രയിച്ചായിരിക്കും പാര്‍ട്ടി തീരുമാനമെടുക്കുകയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.