ന്യൂഡല്‍ഹി: രാജ്യത്ത് ഐക്യവും സൗഹാര്‍ദാന്തരീക്ഷവും ശക്തിപ്പെടുത്താന്‍ ഏക് ഭാരത്, ശ്രേഷ്ഠ് ഭാരത് പദ്ധതിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചുവരുന്നതായ ആരോപണം ശക്തമായിരിക്കെയാണ് ഐക്യം വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശം പ്രധാനമന്ത്രി മുന്നോട്ടുവച്ചത്. പ്രതിമാസ റേഡിയോ പ്രഭാഷണപരിപാടിയായ മന്‍ കീ ബാത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.

ഒക്ടോബര്‍ 31-ന് സര്‍ദാര്‍ പട്ടേലിന്റെ ജന്മവാര്‍ഷികാഘോഷവേളയില്‍ ഏക് ഭാരത്, ശ്രേഷ്ഠ് ഭാരതിനെക്കുറിച്ച് താന്‍ പറഞ്ഞ കാര്യം പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. ഇതേപ്പറ്റിയുള്ള നിര്‍ദേശങ്ങളും പ്രധാനമന്ത്രി പൊതുജനങ്ങളില്‍നിന്ന് ക്ഷണിച്ചു. ഇതിന്റെ ലോഗോ, പദ്ധതിയില്‍ ജനങ്ങളുടെ പങ്കാളിത്തം ഏങ്ങനെ വര്‍ധിപ്പിക്കാന്‍ കഴിയും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് mygov.in എന്ന പോര്‍ട്ടലിലേക്ക് നിര്‍ദേശങ്ങളയക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അവയവദാനത്തിനായി കൂടുതലായി മുന്നോട്ടുവരാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അംഗവൈകല്യം സംഭവിച്ചശേഷം ഇച്ഛാശക്തികൊണ്ട് അതിനെ മറികടക്കുന്നവര്‍ എല്ലാവര്‍ക്കും പ്രചോദനം നല്‍കുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇതിന് കശ്മീര്‍ സ്വദേശിയായ ജാവേദ് അഹമ്മദിന്റെ ഉദാഹരണം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. '96-ല്‍ തീവ്രവാദികളുടെ വെടിയേറ്റ് നട്ടെല്ലിന് ക്ഷതംസംഭവിച്ച അദ്ദേഹം കഴിഞ്ഞ 20 വര്‍ഷമായി കുട്ടികളെ പഠിപ്പിക്കുന്നു -പ്രധാനമന്ത്രി പറഞ്ഞു.

ചെറുകിട സംരംഭകര്‍ക്കുവേണ്ടി ആരംഭിച്ചിട്ടുള്ള മുദ്രാ ബാങ്ക് പദ്ധതിയെക്കുറിച്ചും പ്രധാനമന്ത്രി പ്രതിപാദിച്ചു. 66 ലക്ഷം പേര്‍ക്ക് 42,000കോടി ഇതില്‍നിന്ന് ലഭിച്ചു.