jamia milia islamiaന്യൂഡല്‍ഹി: ജാമിയ മില്ലിയ സര്‍വകലാശാലയില്‍ ബിരുദദാനച്ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് കത്തയച്ച തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പൂര്‍വ വിദ്യാര്‍ഥികള്‍. 2008-ല്‍ മോദി ജാമിയയ്‌ക്കെതിരെ നടത്തിയ പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 50 പേര്‍ ഒപ്പിട്ട കത്ത് വൈസ്ചാന്‍സലര്‍ക്ക് അയച്ചു.

ബിരുദദാനച്ചടങ്ങിലേക്ക് മോദിയെ ക്ഷണിക്കാനുള്ള തീരുമാനം ആശങ്കയുളവാക്കുന്നതും വേദനാജനകവുമാണ്. ഈ തീരുമാനം ഞങ്ങളെ ഞെട്ടിപ്പിക്കുന്നതാണ്. മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയംഗങ്ങളും സര്‍വകലാശാലയെക്കുറിച്ച് നിരന്തരം അപവാദങ്ങളും വിദ്വേഷവും പ്രചരിപ്പിക്കുകയാണ് ചെയ്തത് -കത്തില്‍ പറഞ്ഞു. തീരുമാനം പിന്‍വലിക്കണം. പകരം നേരത്തേ നടത്തിയ അസത്യപ്രസ്താവനകള്‍ക്ക് മാപ്പുപറയാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടണം.

പ്രധാനമന്ത്രിയെ മുഖ്യാതിഥിയായി ക്ഷണിച്ച് സര്‍വകലാശാല കത്തയച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തീരുമാനമറിയിച്ചിട്ടില്ല. 2008-ലെ ബാട്‌ല ഹൗസ് പോലീസ് വെടിവെപ്പിന്റെ പശ്ചാത്തലത്തിലാണ് ജാമിയ മില്ലിയ തീവ്രവാദികളെ സംരക്ഷിക്കുന്ന സര്‍വകലാശാലയാണെന്ന് മോദി പ്രസംഗിച്ചത്.