പൗരത്വവിവാദത്തില്‍ സര്‍ക്കാറിനെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധിന്യൂഡല്‍ഹി: തന്റെ പൗരത്വം സംബന്ധിച്ച് ഡോ. സുബ്രഹ്മണ്യം സ്വാമി ഉയര്‍ത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കുറ്റക്കാരനെങ്കില്‍ തന്നെ ജയിലിലടയ്ക്കാന്‍ സര്‍ക്കാറിനെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുപ്പക്കാരെ ഉപയോഗിച്ച് ചെളിവാരിയെറിയുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

ഇത്തരം ഭീഷണികള്‍ക്കു മുന്നില്‍ താന്‍ ഭയപ്പെടില്ലെന്നും ബി.ജെ.പി.ക്കെതിരെ തുടര്‍ന്നും പോരാടുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 98-ാം ജന്മദിനത്തോടനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച 'മാ തുഝേ സലാം' എന്ന ദേശീയ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

ആര്‍.എസ്.എസ്സും ബി.ജെ.പി.യും തന്റെ മുത്തശ്ശിയെയും അച്ഛനെയും അമ്മയെയും ചെളിവാരിയെറിയുന്നത് ചെറുപ്പംമുതല്‍ താന്‍ കാണുന്നു. ഇത് ഇനിയെങ്കിലും അവസാനിപ്പിക്കാന്‍ മോദിയും കൂട്ടരും തയ്യാറാകണം. ഇപ്പോള്‍ മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. അന്വേഷണംനടത്തി കുറ്റക്കാരനാണെങ്കില്‍ തന്നെ ജയിലിലടയ്ക്കട്ടെ. ആര്‍.എസ്.എസ്സും ബി.ജെ.പി.യും കലാപങ്ങളഴിച്ചുവിടുന്നു. കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് അഭയംനല്‍കുന്നു -രാഹുല്‍ഗാന്ധി പറഞ്ഞു.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിനായാണ് ഇന്ദിരാഗാന്ധി ജീവന്‍ ബലിയര്‍പ്പിച്ചതെന്ന് കണ്‍വെന്‍ഷനില്‍ സംസാരിക്കവേ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു. ഇന്ത്യയുടെ മതനിരപേക്ഷത നിലനിര്‍ത്താന്‍ തുടര്‍ച്ചയായ പോരാട്ടമാവശ്യമാണെന്നും സോണിയാ ഗാന്ധി അഭിപ്രായപ്പെട്ടു.