പട്‌ന: ബിഹാറില്‍ മഹാസഖ്യ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞയ്ക്ക് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവും എത്തും. നിതീഷ്‌കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്ന വേദിയിലേക്ക് ജെ.ഡി.യു.വും ആര്‍.ജെ.ഡി.യും സംയുക്തമായാണ് അദ്ദേഹത്തെ ക്ഷണിച്ചിരിക്കുന്നതെന്ന് പാര്‍ട്ടിയുടെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന്റെ എതിര്‍പാളയത്തില്‍ മത്സരിച്ച എസ്.പി. കനത്തതോല്‍വിയാണ് ഏറ്റുവാങ്ങിയത്.

യു.പി. മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവും സത്യപ്രതിജ്ഞയ്ക്ക് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. തിരഞ്ഞെടുപ്പില്‍ സ്ഥിരശത്രുവില്ല എന്ന് ജെ.ഡി.യു. യു.പി. പ്രസിഡന്റ് സുരേഷ് നിരഞ്ജന്‍ ഭയ്യ പ്രതികരിച്ചു.

സമാജ്വാദി പാര്‍ട്ടിയും വിശാലസഖ്യവും തമ്മിലുള്ള മഞ്ഞുരുകുന്നു എന്നാണ് പുതിയ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. യു.പി.യിലെ 2017 അസംബ്ലി ഇലക്ഷന് പുതിയൊരു സഖ്യം രൂപപ്പെട്ടുവരാനുള്ള സാധ്യതകളിലേക്കും ഇത് വിരല്‍ചൂണ്ടുന്നു. വരുന്ന ശനിയാഴ്ചയാണ് ബിഹാറില്‍ പുതിയ മന്ത്രിസഭ സ്ഥാനമേല്‍ക്കുന്നത്.