കന്നഡ സാഹിത്യകാരന്‍ ദേവനൂര്‍ മഹാദേവ പത്മശ്രീ തിരിച്ചുനല്‍കിമെസൂരു: കര്‍ണാടകത്തിലെ പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ ദേവനൂര്‍ മഹാദേവ പത്മശ്രീ പുരസ്‌കാരവും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും തിരിച്ചുനല്‍കി.

രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ചാണിതെന്ന് മാധ്യമങ്ങള്‍ക്ക് നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ അദ്ദേഹം പറഞ്ഞു. ഇദ്ദേഹത്തിന് പത്മശ്രീ 2011-ലും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് 1990-ലുമാണ് ലഭിച്ചത്.

മൈസൂരു സ്വദേശിയായ ദേവനൂര്‍ മഹാദേവ അറിയപ്പെടുന്ന ദളിത് എഴുത്തുകാരനാണ്. ഇന്ത്യ നേടിയെടുത്ത സാമൂഹിക നീതിയും സഹിഷ്ണുതയും അഭിപ്രായ സ്വാതന്ത്ര്യവും ഇല്ലാതാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. 'നിരവധിപേര്‍ അവാര്‍ഡുകള്‍ തിരികെനല്‍കുന്നത് കണ്ടിട്ടും ഞാന്‍ മൗനമായിരിക്കുകയായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവരെ അനുകൂലിച്ച് ചില കലാകാരന്‍മാര്‍ നടത്തിയ റാലി ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതാണ്. ഇതാണ് അവാര്‍ഡ് തിരികെനല്‍കാന്‍ പ്രേരിപ്പിച്ചത്' - മഹാദേവ പറഞ്ഞു. അസഹിഷ്ണുതാ വിവാദത്തില്‍ കേന്ദ്രസര്‍ക്കാറിനെ പിന്തുണച്ച് നടന്‍ അനുപം ഖേറിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടന്ന റാലി പരാമര്‍ശിച്ചാണ് മഹാദേവ ഇതുപറഞ്ഞത്.

ദൈവത്തിന്റെയും മതത്തിന്റെയും പേരില്‍ കൊല്ലുംകൊലയും നടത്തുന്നത് ദൈവംപോലും പൊറുക്കില്ലെന്ന് പ്രധാനമന്ത്രിയെ ഓര്‍മപ്പെടുത്തുന്നതിനുകൂടി വേണ്ടിയാണ് പുരസ്‌കാരം തിരികെനല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.