ന്യൂഡല്‍ഹി: ബിഹാര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച എം.എല്‍.എ.മാരില്‍ 58 ശതമാനം പേരും ക്രിമിനല്‍ കേസ് പ്രതികള്‍. 142 പേര്‍ക്കെതിരെയാണ് കേസുള്ളത്. ഇതില്‍ 76 പേര്‍ (33 ശതമാനം) കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ അതിഗുരുതരമായ കേസുകളില്‍പ്പെട്ടവരാണ്.
 
മത്സരിച്ച 3,450 സ്ഥാനാര്‍ഥികളില്‍ 1,038 പേര്‍ കേസില്‍ പ്രതികളാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് സത്യവാങ്മൂലം നല്‍കിയിരുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ആര്‍.ജെ.ഡി.യാണ് ക്രിമിനല്‍ എം.എല്‍.എ.മാരുടെ കാര്യത്തില്‍ മുമ്പില്‍. 49 പേര്‍. 11 എം.എല്‍.എ.മാരാണ് കൊലപാതകക്കേസുകളില്‍ പ്രതിപ്പട്ടികയിലുള്ളത്. ഇതില്‍ നാലുപേരും ആര്‍.ജെ.ഡി.യുടെ പ്രതിനിധികളാണ്.
 
സി.പി.ഐ.(എം.എല്‍.), ജെ.ഡി.യു. എന്നീ കക്ഷികളുടെ രണ്ടുപേര്‍ വീതവും ബി.ജെ.പി., ലോക്ജനശക്തി പാര്‍ട്ടി എന്നിവയുടെ ഒരോ അംഗങ്ങളും കൊലപാതകക്കേസില്‍ പങ്കുളളവരാണ്. മൂന്ന് എം.എല്‍.എ.മാര്‍ സ്ത്രീകള്‍ക്കെതിരായ കേസില്‍ പ്രതികളാണ്. ഇതില്‍ ജഞ്ജര്‍പുരില്‍ നിന്ന് ജയിച്ച ആര്‍.ജെ.ഡി. എം.എല്‍.എ. ഗുലാബ് യാദവ് ബലാത്സംഗക്കേസില്‍ പ്രതിയാണ്. 228 എം.എല്‍.എ.മാരുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമാണ് ഈ കണക്ക് പുറത്തുവിട്ടത്.
 
2010-ല്‍ തിരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങളില്‍ 57 ശതമാനമായിരുന്നു ക്രിമിനല്‍ കേസ് പ്രതികള്‍. ഇതിനുപുറമേ, ഇത്തവണ ജയിച്ച 14 എം.എല്‍.എ.മാര്‍ 10 കോടിക്കുമുകളില്‍ ആസ്തിയുള്ളവരാണ്. ഖഗാരിയ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ജെ.ഡി.യു.വിന്റെ പുനംദേവിയാണ് ഇതില്‍ മുമ്പില്‍. 41.6 കോടി രൂപ. ഭഗല്‍പുരില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ. അജീത് ശര്‍മയ്ക്ക് 40.3 കോടിയുടെയും പാലിഗഞ്ചില്‍ നിന്നുള്ള ആര്‍.ജെ.ഡി. അംഗം ജയ്വര്‍ധന്‍ യാദവിന് 16.5 കോടിയുടെയും ആസ്തിയുണ്ട്.