പട്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനശൈലിയുടെ കടുത്ത വിമര്‍ശകനും അദ്വാനി ക്യാമ്പിലെ പ്രമുഖനുമായ ശത്രുഘന്‍ സിന്‍ഹ ജനതാദള്‍ യു. നേതാവ് നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി. ഇതോടെ, മോദിയുടെ നേതൃത്വവുമായി ഉടക്കിനില്‍ക്കുന്ന സിന്‍ഹ ബി.ജെ.പി വിട്ട് ജനതാദളില്‍ ചേക്കേറാന്‍ ഒരുങ്ങുന്നുവെന്ന അഭ്യൂഹം ശക്തമായി. തിങ്കളാഴ്ച രാവിലെ നിതീഷ് കുമാറിനെ വസതിയില്‍ സന്ദര്‍ശിച്ച സിന്‍ഹ ഒരു മണിക്കൂറോളം ഒരുമിച്ച് ചെലവഴിച്ചു.

മോദിയുടെ പ്രവര്‍ത്തനശൈലിയെ എന്നും വിമര്‍ശിച്ചിട്ടുള്ള സിന്‍ഹ തിരഞ്ഞെടുപ്പുഫലം പുറത്തുവന്ന ഞായറാഴ്ചയും പാര്‍ട്ടിക്കെതിരെ പ്രതികരിച്ചിരുന്നു. മഹാസഖ്യത്തിന്റേത് ജനാധിപത്യത്തിന്റെ വിജയം എന്നും സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു. നിതീഷ് മികച്ച റെക്കോഡുള്ള മുഖ്യമന്ത്രിയാണെന്നും ബുദ്ധിയുള്ള നേതാവാണെന്നും സിന്‍ഹ വ്യക്തമാക്കി.

വന്‍തോല്‍വി ഏറ്റുവാങ്ങേണ്ടിവന്ന ബി.ജെ.പി നേതൃത്വത്തിന്റെ മുറിവില്‍ ഉപ്പു തേക്കുന്ന സിന്‍ഹയുടെ നിലപാട് അച്ചടക്കനടപടിയിലേക്ക് നീങ്ങിയേക്കുമെന്ന് സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് അറിയില്ലെന്നും തെറ്റുചെയ്യാത്ത തനിക്കെതിരെ ആര്‍ക്കെങ്കിലും നടപടിയെടുക്കണമെന്ന് തോന്നുന്നുവെങ്കില്‍ ആകാമെന്നുമായിരുന്നു സിന്‍ഹയുടെ പ്രതികരണം.

സത്യപ്രതിജ്ഞ അടുത്ത ആഴ്ച
വിജയിച്ച മഹാസഖ്യത്തിന്റെ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് അടുത്തയാഴ്ച ആദ്യം ഉണ്ടായേക്കും. മൂന്നാംതവണ ബിഹാര്‍ മുഖ്യമന്ത്രിയായി ജനതാദള്‍നേതാവ് നിതീഷ് കുമാര്‍ സത്യപ്രതിജ്ഞചെയ്യും. ലാലുപ്രസാദ് യാദവിന്റെ ആര്‍.ജെ.ഡിയ്ക്ക് ഉപമുഖ്യമന്ത്രി പദവി നല്‍കിയേക്കുമെന്നും സൂചനയുണ്ട്. ബിഹാറില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും ദീപാവലി ആഘോഷമാണ്. ആഘോഷത്തിന്റെ കൊടിയിറങ്ങി അടുത്ത ആഴ്ചയോടെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്താനാണ് ആലോചനയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചനനല്‍കി.

സര്‍ക്കാറില്‍ കോണ്‍ഗ്രസ് ചേര്‍ന്നേക്കും
ന്യൂഡല്‍ഹി:
ബിഹാര്‍സര്‍ക്കാറില്‍ കോണ്‍ഗ്രസ് പങ്കാളിയായേക്കും. ജെ.ഡി.യുവും ആര്‍.ജെ.ഡിയും ഉള്‍പ്പെടുന്ന മതേതരമുന്നണിയുടെ ഭാഗമാണ് കോണ്‍ഗ്രസ്.മതേതരമുന്നണിയുടെ ഭാഗമായി മത്സരിച്ച കോണ്‍ഗ്രസ് സംസ്ഥാനത്ത് 27 സീറ്റുകളില്‍ വിജയിച്ചിരുന്നു. ബിഹാറിലെ ജനങ്ങളുടെ മുന്നില്‍വെച്ച ഏഴ് വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്ന് ബിഹാറിലെ പാര്‍ട്ടിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍സെക്രട്ടറി സി.പി ജോഷി പറഞ്ഞു.