ന്യൂഡല്‍ഹി: ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറുടെ വിവാദ പ്രസ്താവനയോട് അകലംപാലിച്ച് ബി.ജെ.പി. കേന്ദ്രനേതൃത്വം. ഇത്തരം നിലപാടുകള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നുപറഞ്ഞ ബി.ജെ.പി നേതാവും കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രിയുമായ വെങ്കയ്യ നായിഡു, പക്ഷേ ഖട്ടറെ തള്ളിപ്പറയാന്‍ തയ്യാറായില്ല. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് അദ്ദേഹത്തെ ഉപദേശിക്കുമെന്നും നായിഡു പറഞ്ഞു.

ഭക്ഷണശീലത്തെ മതവുമായി കൂട്ടിക്കെട്ടുന്നത് ശരിയല്ല. ഭക്ഷണം വ്യക്തിയുടെ തിരഞ്ഞെടുപ്പിന്റെ പ്രശ്‌നമാണ്. ദാദ്രിസംഭവം ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ ക്രമസമാധാന പാലനത്തിലെ പിഴവാണെന്നും ഇത് കേന്ദ്രസര്‍ക്കാറിനെതിരെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, ഖട്ടറിനെതിരെ ആഞ്ഞടിച്ച് വിവിധകക്ഷികള്‍ രംഗത്തുവന്നു. ഇന്ത്യന്‍ പൗരത്വത്തിന് പുതിയ നിര്‍വചനം നല്‍കിയിരിക്കയാണ് ഖട്ടറെന്ന് ഹരിയാണ കോണ്‍ഗ്രസ് വക്താവ് രണ്‍ദിപ് സുര്‍ജേവാല പരിഹസിച്ചു. മുസ്ലിങ്ങളോട് പാകിസ്താനില്‍ പോകാന്‍ പറയുന്ന ബി.ജെ.പി. ബീഫ് കഴിക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളോട് എന്താണ് പറയുകയെന്ന് ജനതാദള്‍ (യു) നേതാവ് ശരത് യാദവ് ചോദിച്ചു.

ഖട്ടറുടെ പരാമര്‍ശം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മതേതരമൂല്യങ്ങള്‍ക്കേറ്റ ആഴത്തിലുള്ള മുറിവാണെന്നും ഇതിനെതിരെ കേസെടുക്കണമെന്നും ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ ദിലീപ് പാണ്ഡെ ആവശ്യപ്പെട്ടു.

അതിനിടെ, രാജ്യവ്യാപകമായി ഗോവധം നിരോധിക്കുന്ന കാര്യം പരിഗണിക്കണമെന്ന ഹിമാചല്‍പ്രദേശ് ഹൈക്കോടതിയുടെ നിര്‍ദേശം പാലിക്കണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തി. പൊതുവികാരം മുന്‍നിര്‍ത്തി മൂന്നുമാസത്തിനകം ഇത് നടപ്പാക്കണമെന്നും അവര്‍ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു.